തിരുവനന്തപുരം: കൈത്തറി മേഖലയ്ക്ക് കരുത്ത് പകർന്ന് സർക്കാരിന്റെ ബുധനാഴ്ച്ച ചട്ടം. സർക്കാർ ജീവനക്കാർ ബുധനാഴ്ചകളിൽ കൈത്തറിവസ്ത്രം ധരിക്കണമെന്ന സർക്കാർ ഉത്തരവാണ് കോവിഡ്-പ്രളയ പ്രതിസന്ധികളിൽ തളർന്ന കൈത്തറി മേഖലയ്ക്ക് സഹായകമാകുന്നത്. വി.എസ്. അച്യുതാനന്ദൻ സർക്കാരാണ് കൈത്തറി മേഖലയെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ ജീവനക്കാർ ആഴ്ചയിൽ ഒരുദിവസം കൈത്തറി വസ്ത്രം ധരിക്കണമെന്ന് ആദ്യം ഉത്തരവിട്ടത്. 2019 ൽ പ്രളയവും 2020 ൽ കോവിഡും ഓണം, ക്രിസ്മസ്, വിഷു വിപണികളെ ബാധിച്ചപ്പോൾ കോടികളുടെ നഷ്ടമാണ് കൈത്തറി മേഖല നേരിട്ടത്.
കോവിഡ് തീവ്രത കുറഞ്ഞശേഷം നെയ്ത്ത് സംഘങ്ങളും സൊസൈറ്റികളും വിൽപനശാലകളും സജീവമായതോടെയാണ് കഴിഞ്ഞദിവസംഈ ഉത്തരവ് സർക്കാർ വീണ്ടും ഇറക്കിയത്. കൈത്തറിയെ രക്ഷിക്കാനായി നടപ്പ് അദ്ധ്യയനവർഷം സംസ്ഥാനത്തെ 163 ഉപജില്ലകളിലായി 38.02 ലക്ഷം മീറ്റർ സ്കൂൾ യൂണിഫോം തുണി വിതരണം ചെയ്തിട്ടുണ്ട്. ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിലെ കുട്ടികൾക്കുള്ള ഷർട്ട്, നിക്കർ, സ്കേർട്ട് തുണിയാണ് നൽകുന്നത്.
നാലാം ക്ലാസ് വരെ എയ്ഡഡ് സ്കൂൾ കുട്ടികൾക്കും യൂണിഫോം ലഭിക്കും. 2022-23 അദ്ധ്യയന വർഷത്തേക്ക് 46.5 ലക്ഷം മീറ്റർ കൈത്തറി തുണിയുടെ ഓർഡർ പൊതുവിദ്യാഭ്യാസ വകുപ്പ് നൽകിയിട്ടുണ്ട്. ഇതിനായി 120 കോടി രൂപയാണ് അനുവദിച്ചത്. കുപ്പടം കരമുണ്ട്, ശ്രീകൃഷ്ണപുരം പട്ട്ജീവനക്കാരെ ആകർഷിക്കാൻ പരമ്പരാഗതഖാദിക്കരയായ കുപ്പടം കരപതിച്ച മുണ്ടുമുതൽ ആകർഷകമായ ഡിസൈനുകളിലുള്ള സിൽക്ക് സാരി വരെ ഖാദി, കൈത്തറി സ്റ്റാളുകളിലുണ്ട്. കുപ്പടം സിംഗിൾ, ഡബിൾ എന്നിവയ്ക്ക് യഥാക്രമം 500, 1000 രൂപയാണ് വില. സ്ത്രീകൾക്കുള്ള അനന്തപുരി സിൽക്ക്, പാലക്കാട്ടെ ചിതലിപ്പട്ട്, ശ്രീകൃഷ്ണപുരം പട്ട്, കണ്ണൂരിന്റെ പയ്യന്നൂർ പട്ട് എന്നിവയുമുണ്ട്. 2,000 രൂപയാണ് ഇതിന്റെ വില.

