സംസ്ഥാനത്ത് മറച്ചുവെച്ച ആറായിരത്തോളം കോവിഡ് മരണങ്ങളുടെ വിവരങ്ങൾ പുറത്ത്

covid

തിരുവനന്തപുരം: സംസ്ഥാനത്ത് മറച്ചുവെച്ച ആറായിരത്തോളം കോവിഡ് മരണങ്ങളുടെ വിവരങ്ങൾ പുറത്ത്. ഔദ്യോഗിക പട്ടികയിലേക്ക് 17 ദിവസത്തിനുള്ളിൽ ഉൾപ്പെടുത്തിയ മരണങ്ങളുടെ കണക്കാണ് പുറത്തുവന്നിരിക്കുന്നത്. ഇതിൽ 3,779 മരണങ്ങളും ബന്ധുക്കൾ അപ്പീൽ നൽകാതെ തന്നെ പുറത്തുവന്നിട്ടുള്ളതാണെന്നാണ് വിവരം.

കോവിഡ് മരണങ്ങളുടെ യഥാർത്ഥ കണക്കുകൾ പ്രസിദ്ധീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് വ്യാപക വിമർശനം ഉയർന്നതിന് പിന്നാലെയാണ് കൂടുതൽ കണക്കുകൾ പുറത്തുവന്നിരിക്കുന്നത്. ഔദ്യോഗിക പട്ടികയിൽ ചേർക്കാത്ത ജൂൺ 18 ന് മുമ്പുള്ള മരണങ്ങൾ പ്രസിദ്ധീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചിരുന്നു. ഒക്ടോബർ 22 മുതലാണ് ഇത്തരത്തിൽ പട്ടികയിൽ ഉൾപ്പെടുത്താതിരുന്ന കണക്കുകൾ പ്രസിദ്ധീകരിച്ചു തുടങ്ങിയത്.

വ്യക്തമായ രേഖകളില്ലാത്തതിന്റെ പേരിൽ ഒഴിവാക്കിയതാണെന്ന് ചൂണ്ടിക്കാട്ടി പുതിയ 292 മരണങ്ങളാണ് ആദ്യം പട്ടികയിൽ ഉൾപ്പെടുത്തിയത്. പിന്നീട് പ്രതിദിനം 200 മുതൽ 500 ലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങി. 5,998 മരണങ്ങളാണ് ഇത്തരത്തിൽ പുറത്തുവന്നിരിക്കുന്നത്.