കൊച്ചി: നടന്‍ ജോജുവിന്റെ കാര്‍ തല്ലി തകര്‍ത്ത കേസില്‍ പ്രതികളായ മുന്‍ മേയര്‍ ടോണി ചമ്മണി അടക്കമുള്ള അഞ്ച് കോണ്‍ഗ്രസ് നേതാക്കള്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ജില്ലയിലെ പ്രമുഖ നേതാക്കളോടൊപ്പം കൊട്ടാരം ജങ്ഷനില്‍ നിന്നും പ്രകടന ജാഥയുമായി എത്തിയാണ് മരട് പോലീസ് സ്റ്റേഷനില്‍ ഹാജരായത്. പ്രകടനവുമായെത്തിയ പ്രവര്‍ത്തകര്‍ സ്റ്റേഷനു മുന്നില്‍ ജോജുവിന്റെ കോലം കത്തിച്ചു.
അതേസമയം, തനിക്കെതിരെ വ്യാജ പരാതിയാണ് ഉള്ളതെന്നും കേസ് നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും ടോണി ചമ്മണി പറഞ്ഞു. അധികൃതരേയും ജനങ്ങളേയും അറിയിച്ച ശേഷമുള്ള സമരമാണ് ഇന്ധന വില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് നടത്തിയത്. സാധാരണക്കാരനെ ബാധിക്കുന്ന വിഷയമായതിനാലും തീക്ഷ്ണ വിഷയമായതിനാലും സമരവും തീക്ഷണമായിരുന്നു. ജോജു ജോര്‍ജ് മനപ്പൂര്‍വ്വം പ്രശ്നങ്ങള്‍ ഉണ്ടാക്കിയതാണ്. താരത്തിനെതിരെ പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിച്ചില്ല. പക്ഷപാതമില്ലാതെ ഉദ്യോഗസ്ഥ തലത്തില്‍ നടപടി സ്വീകരിക്കണമെന്നും ടോണി ചമ്മണി പറഞ്ഞു.
ഏതൊരാള്‍ക്കും രാഷ്ട്രീയമാകാം. പക്ഷേ ഒരു പാര്‍ട്ടിയുടെ ചട്ടുകമായി മാറി മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ വിഷയത്തില്‍ ഇടപെടുന്നത് ശരിയല്ല. കോണ്‍ഗ്രസിന്റെ സമരത്തെ അലങ്കോലമാക്കിയ ജോജു സിപിഎം ജില്ലാ സമ്മേളന റാലികളില്‍ ജനങ്ങളുടെ ഗതാഗതം തടസ്സപ്പെടുമ്പോള്‍ എതിര്‍പ്പ് പ്രകടിപ്പിക്കുമോയെന്നും ചമ്മിണി ചോദിച്ചു. സിപിഎം റാലിക്കെതിരെ പ്രതികരിച്ചാല്‍ ജോജുവിന്റെ അനുശോചനയോഗം നടത്തേണ്ടിവരുമെന്നും അദ്ദേഹം പരിഹസിച്ചു. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും മത സമുദായ സംഘടനകളും ഗതാഗതം തടസ്സപ്പെടുത്തി നടത്തുന്ന പരിപാടികള്‍ക്കെതിരെ കൂടി പ്രതികരിച്ചാല്‍ മാത്രമേ ജോജു ജോര്‍ജ് കോണ്‍ഗ്രസ് സമരത്തില്‍ പ്രകടിപ്പിച്ചത് തന്റെ പൊതു നിലപാടാണെന്ന് കരുതാനാകൂവെന്നും ടോണി ചമ്മിണി പറഞ്ഞു.
കീഴടങ്ങിയവരെ തുടര്‍ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനക്കായി കൊണ്ടുപോകും. അതിനുശേഷം, ജില്ലാ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കും. ജാമ്യമില്ലാക്കുറ്റം ചുമത്തിയിരിക്കുന്നതിനാല്‍ റിമാന്‍ഡില്‍ പോകേണ്ടിവരും.

