പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്താത്തതിന്റെ അടിസ്ഥാനമെന്ത്‌? വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി

കൊച്ചി: പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന ജിഎസ്ടി കൗണ്‍സിലിന്റെ തീരുമാനത്തില്‍ വിശദീകരണം തേടി ഹൈക്കോടതി. അത്തരമൊരു തീരുമാനത്തിന്റെ അടിസ്ഥാനമെന്തെന്ന് വ്യക്തമാക്കുന്ന വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. എറണാകുളം സ്വദേശിയും സാമൂഹിക പ്രവര്‍ത്തകനുമായ കെ.ഒ ജോണിയാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.

ഹര്‍ജി പിന്നീട് പരിഗണിക്കാന്‍ കോടതി മാറ്റി. വില നിയന്ത്രിക്കാന്‍ ഇവയെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി കേരള പ്രദേശ് ഗാന്ധിദര്‍ശന്‍ വേദി നല്‍കിയ ഹര്‍ജിയാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. നേരത്തെ ഈ ആവശ്യമുന്നയിച്ച് ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ നിവേദനം പരിഗണിച്ച് ആറാഴ്ചക്കകം തീരുമാനമെടുക്കാന്‍ നിര്‍ദേശിച്ചിരുന്നു.

എന്നാല്‍, ഇവയെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തേണ്ടെന്നായിരുന്നു ജി.എസ്.ടി കൗണ്‍സില്‍ തീരുമാനം. ഇതിനെ ചോദ്യം ചെയ്താണ് ഹര്‍ജിക്കാര്‍ വീണ്ടും കോടതിയിലെത്തിയത്.