തിരുവനന്തപുരം: ജോലിക്കെത്തുന്ന കെ.എസ്.ആർ.ടി.സി ജീവനക്കാരെ തടഞ്ഞവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഗതാഗത മന്ത്രി ആന്റണി രാജു. എറണാകുളത്ത് കെ.എസ്.ആർ.ടി.സി ജീവനക്കാരെ തടഞ്ഞത് പ്രാകൃത നടപടിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജീവനക്കാരെ തടഞ്ഞവർക്കെതിരെ നടപടി സ്വീകരിക്കാൻ മാനേജ്മെന്റിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പണിമുടക്കുന്നത് പോലെ പണിയെടുക്കാനും അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സർക്കാർ ഡയസ്നോൺ പുറപ്പെടുവിച്ചിട്ടില്ല. ഡയസ്നോൺ മാനേജ്മെന്റ് പ്രഖ്യാപിച്ചതാണെന്നും നടപ്പാക്കാൻ സർക്കാർ നിർദ്ദേശം വേണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കെ.എസ്.ആർ.ടി.സി തകർന്നാൽ ആദ്യം ദുരന്തം അനുഭവിക്കുന്നത് ജീവനക്കാരാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം പണിമുടക്കിൽ പങ്കെടുക്കാത്ത ജീവനക്കാരെ ഉപയോഗിച്ച് പരമാവധി സർവീസ് നടത്താനാണ് കെ.എസ്.ആർ.ടി.സി സി.എം.ഡി നൽകിയരുന്ന നിർദ്ദേശം. സമരത്തിൽ പങ്കെടുക്കാതെ ഹാജരാകുന്ന ജീവനക്കാരെ ഉപയോഗിച്ച് സർവീസുകൾ അയക്കണമെന്നും അതിനായി ജീവനക്കാരെ മുൻകൂട്ടി നിയോഗിക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ശമ്പളപരിഷ്കരണം ആവശ്യപ്പെട്ടാണ് കെ.എസ്.ആർ.ടി.സിയി ജീവനക്കാർ പണിമുടക്ക് നടത്തുന്നത്.

