തിരഞ്ഞെടുപ്പ് പ്രവർത്തനത്തിലുണ്ടായ വീഴ്ച; ജി സുധാകരനെതിരെ നടപടിയുമായി സിപിഎം

തിരുവനന്തപുരം: മുൻ മന്ത്രിയും സംസ്ഥാന കമ്മിറ്റി അംഗവുമായ ജി സുധാകരനെതിരെ നടപടിയുമായി സിപിഎം. അമ്പലപ്പുഴ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിലുണ്ടായ വീഴ്ചയിലാണ് നടപടി. സിപിഎം സംസ്ഥാന കമ്മിറ്റി ജി സുധാകരനെ പര്യമായി ശാസിച്ചു. അമ്പലപ്പുഴയിലെ ഇടതുമുന്നണി സ്ഥാനാർഥിയായിരുന്ന എച്ച്. സലാമിന്റെ വിജയം ഉറപ്പിക്കുന്നതിനാവശ്യമായ പ്രചാരണം നടത്തുന്നതിൽ സുധാകരന് വീഴ്ച വന്നുവെന്നാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തിയിരിക്കുന്നത്.

ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സുധാകരന്റെ ഭാഗത്തുനിന്ന് ചില വീഴ്ചകളുണ്ടായെന്നും ഇടത് സ്ഥാനാർഥിയുടെ വിജയത്തിനാവശ്യമായ നടപടികളല്ല അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായതെന്നും സിപിഎം സംസ്ഥാന സമിതി അംഗീകരിച്ച അവലോകന റിപ്പോർട്ടിൽ വിശദമാക്കുന്നു. ജൂലൈയിൽ നടന്ന സിപിഎം തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ പേരെടുത്ത് പരാമർശിക്കുന്ന ഏക നേതാവ് ജി. സുധാകരനാണ്.

എളമരം കരീം, കെ.ജെ. തോമസ് എന്നിവർ ഉൾപ്പെട്ട പാർട്ടി കമ്മീഷനാണ് സുധാകരനെതിരെയുള്ള ആരോപണത്തിൽ അന്വേഷണം നടത്തിയത്. സുധാകരന് വീഴ്ച വന്നുവെന്നാണ് അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരിക്കുന്നത്. അതേസമയം സുധാകരനെതിരെ ഏത് രീതിയിലുള്ള നടപടി വേണമെന്ന് റിപ്പോർട്ടിൽ ശുപാർശ ചെയ്തിരുന്നില്ല.

ഇത് രണ്ടാം തവണയാണ് ജി സുധാകരൻ പാർട്ടി അച്ചടക്ക നടപടി നേരിടുന്നത്. നേരത്തെ ആലപ്പുഴ സംസ്ഥാന സമ്മേളനത്തിൽ വിഭാഗീയ പ്രവർത്തനങ്ങൾ നടത്തിയതിന്റെ പേരിലും സുധാകരനെതിരെ പാർട്ടി നടപടി ഉണ്ടായിട്ടുണ്ട്. സി.പി.എമ്മിന്റെ സംഘടനാ നടപടിയിൽ മൂന്നാമത്തേതാണ് പരസ്യശാസന. ഇതിന്റെ ഭാഗമായി സുധാകരനെതിരെ നടപടിയെടുത്ത കാര്യം പാർട്ടി കീഴ് ഘടകങ്ങളിലും മാദ്ധ്യമങ്ങളിലും അറിയിക്കും. ജി സുധാകരന്റെ ജനകീയത, പാർട്ടി പാരമ്പര്യം, അഴിമതി വിരുദ്ധ പാരമ്പര്യം എന്നിവ കണക്കിലെടുത്താണ് കടുത്ത നടപടികൾ സ്വീകരിക്കാൻ സിപിഎം തയ്യാറാകാതിരുന്നത്.