അഞ്ചല്ല അന്‍പത് സിനിമകള്‍ ഒടിടിക്ക് പോയാലും തിയേറ്ററുകള്‍ നിലനില്‍ക്കും; ഫിയോക് പ്രസിഡന്റ്

അടുത്ത അഞ്ച് മോഹന്‍ലാല്‍ ചിത്രങ്ങളും ഒടിടിക്കെന്ന ആന്റണി പെരുമ്പാവൂരിന്റെ പ്രതികരണത്തിന് മറുപടിയായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകിന്റെ പ്രസിഡന്റ് കെ. വിജയകുമാര്‍. അഞ്ചല്ല അന്‍പത് സിനിമകള്‍ ഓവര്‍ ദ് ടോപ്പ് പ്ലാറ്റ്‌ഫോമുകളിലേക്ക് പോയാലും സിനിമാ തിയേറ്ററുകള്‍ നിലനില്‍ക്കുമെന്ന് വിജയകുമാര്‍ പറഞ്ഞു.

സമീപകാലത്ത് കേരളത്തിലെ തിയേറ്ററുകള്‍ കാത്തിരുന്നതും ഒരുങ്ങിയതും മരക്കാറിനു വേണ്ടിയല്ലെന്നും മറിച്ച് കുറുപ്പിനുവേണ്ടി ആയിരുന്നെന്നും വിജയകുമാര്‍ പറഞ്ഞു. ‘കുറുപ്പിനെ തിയറ്റര്‍ ഉടമകള്‍ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. കുറുപ്പ് നിര്‍മ്മാതാക്കള്‍ തിയേറ്റര്‍ ഉടമകളുടെ മുന്നില്‍ ഉപാധികളൊന്നും മുന്നോട്ടു വച്ചിരുന്നില്ല. പരമാവധി പിന്തുണയ്ക്കണമെന്നു മാത്രമാണ് പറഞ്ഞത്. എന്നാല്‍, കേരളത്തിലെ 450 സ്‌ക്രീനുകളില്‍ മിനിമം രണ്ടാഴ്ചയെങ്കിലും ചിത്രം ഓടിക്കാനാണ് ഫിയോകിന്റെ തീരുമാനം. ഇതും അവര്‍ ഇങ്ങോട്ട് ആവശ്യപ്പെട്ടതല്ല. ഞങ്ങള്‍ സന്തോഷത്തോടെ ചെയ്യുന്നതാണ്. പട്ടിണി കിടന്ന പതിനായിരത്തോളം കുടുംബങ്ങളുടെ പ്രാര്‍ഥന ഈ ചിത്രത്തിനൊപ്പമുണ്ടാവും, യുവതാരങ്ങള്‍ കോര്‍പറേറ്റുകള്‍ക്കൊപ്പം നില്‍ക്കരുതെന്ന് തന്റെ ഒരു അഭ്യര്‍ഥനയാണെന്നും’ മലയാള സിനിമകളുടെ ഒടിടി റിലീസുകളെ സൂചിപ്പിച്ച് വിജയകുമാര്‍ പറഞ്ഞു.

സിനിമയോ സിനിമാ തിയറ്ററുകളോ ഒരുകാലത്തും ഒരു നടനെയോ സംവിധായകനെയോ കേന്ദ്രീകരിച്ചല്ല നില്‍ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.