പതിനാലാം പഞ്ചവത്സര പദ്ധതി; പൊതുസമീപന രേഖക്ക് സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ അംഗീകാരം

തിരുവനന്തപുരം: പതിനാലാം പഞ്ചവത്സര പദ്ധതിയുടെ പൊതുസമീപന രേഖക്ക് സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ അംഗീകാരം. വികസന പ്രക്രിയയില്‍ ആരും ഒഴിവാക്കപ്പെടരുത് എന്ന ലക്ഷ്യമാണ് പദ്ധതി മുന്നോട്ടുവെക്കുന്നത്. പുതുതായി രൂപീകരിച്ച ബോര്‍ഡിന്റെ ആദ്യയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനായി.

ആരോഗ്യം, വിദ്യാഭ്യാസം, പാര്‍പ്പിടം തുടങ്ങി സാമൂഹികാവശ്യ ചെലവഴിക്കലുകളും സാമൂഹ്യക്ഷേമം, സാമൂഹ്യനീതി, ലിംഗനീതി എന്നിവയില്‍ ഊന്നിയുള്ള പുരോഗതിയും പദ്ധതി ലക്ഷ്യം വെക്കുന്നു. സമ്പദ്ഘടനയിലെ ഉല്‍പ്പാദന ശക്തികളുടെ അതിവേഗ വളര്‍ച്ച പൊതു സമീപനത്തിന്റെ ഭാഗമാണ്. അതിദാരിദ്ര്യം ഇല്ലാതാക്കല്‍, കൂടുതല്‍ തൊഴില്‍ദായകവും ഉല്‍പ്പാദനക്ഷമവുമായ സമ്പദ്ഘടന കെട്ടിപ്പടുക്കല്‍, ഉന്നതവിദ്യാഭ്യാസത്തിന്റെ ആധുനികവല്‍ക്കരണം, യുവാക്കള്‍ക്ക് മികച്ച തൊഴില്‍, പ്രാദേശിക സര്‍ക്കാരുകളെ പുരോഗതിയുടെ ചാലകശക്തികളാക്കല്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു.

സുസ്ഥിര വികസനം എന്ന വെല്ലുവിളി ശാസ്ത്രീയമായും യുക്തിസഹമായും നേരിടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന ആസൂത്രണ ബോര്‍ഡ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിര്‍മിതികള്‍ അതിജീവനക്ഷമതയുള്ളതാവണം. കാലാവസ്ഥാ വ്യതിയാനം പദ്ധതി രൂപീകരണത്തില്‍ പരിഗണിക്കണം. ദുരന്തനിവാരണം വികസന പ്രക്രിയയുടെ ഭാഗമാകണം.എല്ലാ മേഖലയുടെയും പുരോഗതിക്ക് ശാസ്ത്രം, സാങ്കേതികവിദ്യ, ആധുനിക വൈദഗ്ധ്യം തുടങ്ങിയവ ഉപയോഗിക്കണം. ആസൂത്രണത്തില്‍ പ്രാദേശിക സര്‍ക്കാരുകള്‍, സഹകരണ സംഘങ്ങള്‍, ജനകീയ കൂട്ടായ്മകള്‍ എന്നിവയുടെയും ഇടപെടല്‍ വേണം. കൊവിഡാനന്തര വീണ്ടെടുക്കല്‍ ശ്രമങ്ങളിലാണ് സര്‍ക്കാര്‍. സാമ്പത്തിക പരിമിതികള്‍ ഉണ്ടെങ്കിലും സുസ്ഥിര സാമ്പത്തിക വളര്‍ച്ച പ്രോത്സാഹിപ്പിക്കാനുള്ള ദൗത്യം മാറ്റിവെക്കാനാവില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പദ്ധതിയുടെ അന്തിമരൂപം അടുത്തവര്‍ഷം ആദ്യം തയ്യാറാകും. വിവിധ മേഖലയില്‍ സമീപന രേഖ തയ്യാറാക്കുന്നതിനും പദ്ധതി രൂപീകരണത്തിനും കര്‍മസമിതികളും ഉപസംഘങ്ങളുമുണ്ടാകും. 25 മുതല്‍ 40വരെ അംഗങ്ങളാണ് സമിതിയിലുള്ളത്. അതതു മേഖലകളിലെ അക്കാദമിക പണ്ഡിതര്‍, ഉദ്യോഗസ്ഥര്‍, വിദഗ്ധര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ അംഗങ്ങളാകും. അഞ്ചുവര്‍ഷം ഓരോ മേഖലയിലും നടപ്പാക്കേണ്ട പദ്ധതികളും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണകരമാകുന്ന പരിപാടികളും കര്‍മസമിതി നിര്‍ദേശിക്കും. 2022—23 വാര്‍ഷിക പദ്ധതിക്ക് ഡിസംബറില്‍ അന്തിമരൂപമാകും. ബോര്‍ഡ് യോഗത്തില്‍ ഉപാധ്യക്ഷന്‍ ഡോ. വി കെ രാമചന്ദ്രന്‍ ആമുഖം അവതരിപ്പിച്ചു.