പുതുച്ചേരി പ്രതിഫലനം മാഹിയിലും; ഇന്ധനവിലയില്‍ മാറ്റം വന്നതോടെ മാഹിയിലേക്ക് വാഹനങ്ങളുടെ ഒഴുക്ക്

കാസര്‍ഗോഡ്: കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയും ഇന്ധന നികുതി കുറച്ചതോടെ മാഹിയിലും ഇന്ധനവില വില കുറഞ്ഞു. ഇതോടെ അതിര്‍ത്തിയിലെ പമ്പുകളിലേക്ക് വാഹനങ്ങളുടെ ഒഴുക്ക് തുടങ്ങി. കേരളത്തിനെ അപേക്ഷിച്ച് 12 രൂപയാണ് മാഹിയില്‍ കുറഞ്ഞിരിക്കുന്നത് പെട്രോളിന് 92.52 രൂപയും. ഡീസലിന് 80.94 രൂപയുമാണ് മാഹിയില്‍ വെള്ളിയാഴ്ച്ചത്തെ നിരക്ക്. കഴിഞ്ഞ ദിവസം വരെ മാഹിയില്‍ നിന്നു പെട്രോള്‍ അടിച്ചാല്‍ ഉപയോക്താവിനു ലഭിച്ചിരുന്നത് 56 രൂപയുടെ ഇളവായിരുന്നു. ഡീസലിന് 4.505 രൂപ വരെയും. എന്നാല്‍ ഇപ്പോള്‍ ഇതിന്റെ ഇരട്ടിയിലേറെ നേട്ടമാണ് ലഭിക്കുന്നത്.

കേരള അതിര്‍ത്തിയോടു ചേര്‍ന്നു കിടക്കുന്ന കര്‍ണാടകയിലെ സുള്ള്യ ടൗണിലും നിരക്ക് കുറഞ്ഞു. കര്‍ണ്ണാടക സര്‍ക്കാരും നികുതി കുറച്ചതോടെ ഇപ്പോള്‍ കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ അതിര്‍ത്തിക്ക് സമീപത്തായുള്ള പമ്പുകളില്‍ വന്‍ തിരക്കായി. കേന്ദ്ര സര്‍ക്കാര്‍ പെട്രോളിനു 5 രൂപയും ഡീസലിനു 10 രൂപയും എക്സൈസ് തീരുവ കുറച്ചിരുന്നതിനു പിന്നാലെ കര്‍ണാടക സര്‍ക്കാര്‍ പെട്രോളിനും ഡീസലിനും 7 രൂപ വീതം ഇളവ് പ്രഖ്യാപിച്ചിരുന്നു.

പ്രധാനമായും ഉപ്പളയിലും ഹൊസങ്കടിയിലും മഞ്ചേശ്വരത്തും ഓടുന്ന ഓട്ടോറിക്ഷകളും തലപ്പാടി വരെ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളുമാണ് ഈ വിലക്കുറവിന്റെ ഇവിടത്തെ ഗുണഭോക്താക്കള്‍.