തിരുവനന്തപുരം: മരയ്ക്കാർ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ ആരോപണങ്ങൾ നിഷേധിച്ച് ഫിയോക്. മരയ്ക്കാർ തിയറ്ററിൽ റിലീസ് ചെയ്യുന്നത് സംബന്ധിച്ച് തിയറ്റർ ഉടമകളുടെ പിന്തുണ ലഭിച്ചില്ലെന്ന ആരോപണമാണ് ഫിയോക് തള്ളിയത്.
15 കോടി രൂപ വരെ അഡ്വാൻസ് നൽകാൻ തയ്യാറായിരുന്നുവെന്നും പക്ഷേ അതംഗീകരിക്കാൻ ആന്റണി പെരുമ്പാവൂർ തയ്യാറായില്ലെന്നും ഫിയോക് പറയുന്നു. മരയ്ക്കാർ തിയേറ്ററിലേക്ക് എത്തിക്കാൻ എല്ലാ വിട്ടുവീഴ്ചകൾക്കും തയ്യാറാണ്. എന്നാൽ മന്ത്രിയുമായുള്ള ചർച്ചയ്ക്കു പോലും നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ വന്നില്ലെന്നും തിയറ്ററിലേക്ക് സിനിമയെത്തിക്കാൻ ഇനിയും ചർച്ചയ്ക്ക് തയ്യാറാണെന്നും ഫിയോക് വ്യക്തമാക്കി.
മരയ്ക്കാർ സിനിമ തീയറ്ററിൽ റിലീസ് നടത്താനുള്ള എല്ലാ ശ്രമങ്ങളും തേടിയിരുന്നതായി നിർമാതാവ് ആന്റണി പെരുമ്പാവൂർ കഴിഞ്ഞ ദിവസം പറഞ്ഞത്. സിനിമ റിലീസിംഗ് പ്രതിസന്ധി സംബന്ധിച്ച് മോഹൻലാലുമായി ചർച്ച നടത്തിയിരുന്നെന്നും തിയറ്റർ ഉടമകളിൽ നിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
40 കോടി രൂപ അഡ്വാൻസ് തന്നെന്നുള്ള വാദം വ്യാജമാണ്. ചർച്ചകൾക്ക് വിളിക്കാതിരിക്കുകയും തിയറ്റർ റിലീസ് നടക്കില്ലെന്നും മനസിലായതോടെയാണ് ആ പണം തിരികെ നൽകിത്തുടങ്ങിയത്. പക്ഷേ ഒരു തീയറ്റർകാരനും എന്നോട് പണം തിരികെ ചോദിച്ചിരുന്നില്ല. നാലുവർഷം മുൻപത്തെ കണക്കനുസരിച്ച് എനിക്കിപ്പോഴും ഒരു കോടി രൂപ തീയറ്ററുടമകൾ തരാനുണ്ട്. തിയറ്റർ ഉടമകൾ ചെയ്ത സഹായമൊന്നും വിസ്മരിക്കുന്നില്ലെന്നും അവരും പ്രതിസന്ധിയിലാണെന്ന് അറിയാമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

