തിരുവനന്തപുരം: പണിമുടക്കിൽ പങ്കെടുക്കാത്ത കെഎസ്ആർടിസി ജീവനക്കാരെ ഉപയോഗിച്ച് പരമാവധി സർവീസ് നടത്തണമെന്ന് നിർദ്ദേശം.കെഎസ്ആർടിസി സിഎംഡിയാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. ഒരു വിഭാഗം ജീവനക്കാർ മാത്രം പണിമുടക്ക് നടത്തുന്ന നവംബർ ആറിന് സമരത്തിൽ പങ്കെടുക്കാത്ത ജീവനക്കാരെ ഉപയോഗിച്ച് സർവീസ് നടത്തണമെന്നാണ് സിഎംഡി നൽകിയിരിക്കുന്ന നിർദ്ദേശം. ഇതിന് വേണ്ടി പരമാവധി സൗകര്യം ഒരുക്കണമെന്ന് യൂണിറ്റ് ഓഫീസർമാർക്ക് സിഎം ഡി നിർദ്ദേശം നൽകി.
സമരത്തിൽ പങ്കെടുക്കാതെ ഹാജരാകുന്ന ജീവനക്കാരെ ഉപയോഗിച്ച് സർവ്വീസുകൾ അയയ്ക്കണമെന്നും അതിനായി ജീവനക്കാരെ മുൻകൂട്ടി നിയോഗിക്കണമെന്നും നിർദ്ദേശത്തിലുണ്ട്. ശനിയാഴ്ച വാരാന്ത്യ ദിനത്തിൽ വിവിധ സ്ഥലങ്ങളിൽ നിന്നും യാത്രക്കാർ തിരികെ വീട്ടിൽ എത്തേണ്ടതിനാൽ യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതെ സർവീസുകൾ നടത്തുമെന്നും ഹാജരാകുന്ന ജീവനക്കാരെ ഉപയോഗിച്ച് ഡബിൾ ഡ്യൂട്ടി ഉൾപ്പടെ നൽകി പരമാവധി ട്രിപ്പുകൾ ഓടിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ആവശ്യ റൂട്ടുകൾക്ക് പ്രാധാന്യം നൽകി ദീർഘദൂര സർവ്വിസുകൾ, ഒറ്റപ്പെട്ട സർവ്വീസുകൾ, പ്രധാന റൂട്ടുകളിലെ സർവ്വിസുകൾ എന്നിങ്ങനെ അയക്കുന്നതിനും റിസർവേഷൻ നൽകിയിട്ടുള്ള സർവ്വീസുകൾ എന്നിവ നടത്തുകയും ചെയ്യുമെന്നും അധികൃതർ അറിയിച്ചു.

