ടി-20 ലോകകപ്പില്‍ സ്കോട്ട്ലാന്ഡിനെ അക്ഷരാര്‍ഥത്തില്‍ എടുത്തറിഞ്ഞ് ഇന്ത്യ സെമി ഫൈനല്‍ പ്രതീക്ഷകള്‍ കാത്തു. സൂപ്പര്‍ 12ലെ ഗ്രൂപ്പ് രണ്ടിനെ നാലാമങ്കത്തില്‍ അസോസിയേറ്റ് ടീമായ സ്കോട്ട്ലാന്ഡിന് ഇന്ത്യയുടെ സമഗ്രാധിപത്യത്തിനു മുന്നില്‍ മറുപടിയില്ലായിരുന്നു. എട്ടു വിക്കറ്റിന്റെ വമ്പന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. സ്കോട്ട്ലാന്റ് പിടിച്ചു നില്ക്കാനാവാതെ തകര്‍ന്നു.
രണ്ടാമത് ബാറ്റേന്തിയ ഇന്ത്യ വെറും 6.3 ഓവറില്‍ സ്കോട്ലന്റിന്റെ കഥ കഴിച്ചു. എതിരാളികളെ ഒരു നിലക്കും മുന്നോട്ട് പോകാന്‍ അനുവദിക്കാതെ ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു. ഓപ്പണര്‍മാരായ കെ എന്‍ രാഹുലും രോഹിത് ശര്‍മയും തകര്‍ത്തടിച്ച കളിയില്‍ ഇന്ത്യ മികച്ച തുടക്കം നേടി. 19 പന്തില്‍ നിന്ന് 50 റണ്‍സ് നേടിയ രാഹുല്‍ ആണ് വിജയം എളുപ്പമാക്കിയത്. രോഹിത് ശര്‍മ്മ 16 പന്തില്‍ 30 റണ്‍സിന് പുറത്തായി. ക്യാപ്റ്റന്‍ വിരാട് കോലി രണ്ട് റണ്ണുമായി പുറത്താകാതെ നിന്നു. നേരിട്ട രണ്ടാമത്തെ പന്ത് സിക്സര്‍ പറത്തിയാണ് സൂര്യകുമാര്‍ യാദവ് ഇന്ത്യയുടെ വിജയം പൂര്‍ത്തിയാക്കിയത്.
81 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് കോലിയും സംഘവും വിജയം ആഘോഷിച്ചത്. ടോസ് കിട്ടിയ ഇന്ത്യ സ്കോട്ട്ലാന്റിനെ ബാറ്റിങിനയച്ചു. ബാറ്റിങിനിറങ്ങിയ സ്കോട്ട്ലാന്റ് 17.4 ഓവറില്‍ 85 റണ്‍സിന് പുറത്തായി. സ്കോര്‍ 13 റണ്‍സില്‍ എത്തി നില്‍ക്കെ അവരുടെ ആദ്യ വിക്കറ്റ് വീണു. കൈല്‍ കോറ്റ്സറെ ജസ്പ്രീത് ബൂംറ ബൗള്‍ഡാക്കി. തുടര്‍ന്ന് വന്ന ക്യാപ്റ്റന്‍ മാത്യു ക്രോസ് രണ്ട് റണ്‍സിന് പുറത്തായി. ഇന്ത്യക്ക് വേണ്ടി മുഹമദ് ഷമി,രവീന്ദ്ര ജഡേജ എന്നിവര്‍ മൂന്ന് വിക്കറ്റ് നേടി. ജസ്പ്രീത് ബൂംറ രണ്ടും രവിചന്ദ്ര അശ്വിന് ഒരു വിക്കറ്റും നേടി. ജഡേജയാണ് കളിയിലെ താരം. ഇതോടെ ഇന്ത്യ ഗ്രൂപ്പ് രണ്ടില്‍ മൂന്നാമത്തെത്തി. നെറ്റ് റണ്‍റേറ്റില്‍ രണ്ടാം സ്ഥാനത്തുളള ന്യൂസിലാന്റിനെ മറികടന്നു.

