ബെയ്ജിംഗ്: ചൈനയിലെ കോവിഡ് വ്യാപനം റിപ്പോർട്ട് ചെയ്ത മാദ്ധ്യമപ്രവർത്തക ജയിലിൽ അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. ഷാങ് സാൻ എന്ന 38 കാരിയാണ് ജയിലിൽ അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്നത്. ഷാങ് സാൻ മരണത്തിന്റെ വക്കിലാണെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. ഷാങിന്റെ ആരോഗ്യസ്ഥിതി വളരെ മോശമാണെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. ഷാങ് സാനിനെ ഉടൻ മോചിപ്പിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
2020 ഫെബ്രുവരിയിലാണ് ഷാങ് സാൻ വുഹാനിലെത്തുന്നത്. അന്ന് കോവിഡ് വ്യാപകമായി പടർന്നു പിടിച്ച വുഹാനിൽ അധികൃതർക്ക് പറ്റിയ വീഴ്ചകൾ റിപ്പോർട്ട് ചെയ്യാനെത്തിയതായിരുന്നു ഷാങ് സാൻ. തന്റെ മൊബൈൽ ഫോണിൽ ഇക്കാര്യം സംബന്ധിച്ച വീഡിയോ ദൃശ്യങ്ങളും ഷാങ് സാൻ ഷൂട്ട് ചെയ്തിരുന്നു. എന്നാൽ മെയ് മാസത്തിലാണ് ചൈന ഇവരെ തടങ്കലിലാക്കിയത്. ഡിസംബറിൽ ഇവർക്ക് നാല് വർഷത്തേക്ക് തടവ് ശിക്ഷയും വിധിച്ചു. പിന്നീട് ജയിലിൽ വച്ച് ഇവർ നിരാഹാര സമരം ആരംഭിച്ചു. ഷാങ് സാനിന്റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണെന്ന് സഹോദരൻ ഷാങ് ജു ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഭക്ഷണം ഉപേക്ഷിച്ച ഷാങിന് മൂക്കിലൂടെ ട്യൂബ് ഇട്ടാണ് ഭക്ഷണം നൽകുന്നത്. ഷാങിനെ ജയിൽ മോചിതയാക്കാൻ ആനംസ്റ്റി ഇന്റർനാഷണൽ ചൈനീസ് സർക്കാരിനോട് ആവശ്യപ്പെട്ടു. വനിതാ ജയിലിലാണ് ഷാങ് നിലവിലുള്ളത്. അവരെ കാണാൻ അനുവദിക്കണമെന്ന് പല തവണ പറഞ്ഞിട്ടും ചൈനീസ് അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം.

