കോലിക്ക് ശേഷം ആര്…?

ബംഗളൂരു: വിരാട് കോലിക്ക് ശേഷം ആരായിരിക്കും ഇന്ത്യന്‍ ടീമിന്റെ അടുത്ത ക്യാപ്റ്റനെന്നുള്ള കാര്യത്തില്‍ ചര്‍ച്ചകള്‍ സജീവമാണ്. ഇപ്പോള്‍ നടക്കുന്ന ടി20 ലോകകപ്പിന് ശേഷം വിരാട് കോലി സ്ഥാനമൊഴിയും. രോഹിത് ശര്‍മ, റിഷഭ് പന്ത്, കെ എല്‍ രാഹുല്‍ എന്നിവരുടെ പേരുകള്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ ബിസിസിഐ ഔദ്യോഗിക തീരുമാനമെടുത്തിട്ടില്ല.

ഇതിനിടെ രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ പുതിയ പരിശീലകനായി നിയമിതനായി. കഴിഞ്ഞ ദിവസമാണ് ഔദ്യോഗിക പ്രഖ്യാപനം വന്നത്. ലോകകപ്പിന് ശേഷം രവി ശാസ്ത്രി സ്ഥാനമൊഴിയുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആരായിരിക്കണം ഇന്ത്യയുടെ ക്യാപ്റ്റനെന്നുള്ള കാര്യത്തില്‍ വ്യക്തമായ ധാരണയുണ്ടെന്ന് ദ്രാവിഡ് ഇന്നലെ ഇന്ത്യന്‍ എക്സ്പ്രസിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. രോഹിത് ശര്‍മ ക്യാപ്റ്റനാവണമെന്നാണ് ദ്രാവിഡിന്റെ അഭിപ്രായം. രോഹിത്തിന് ശേഷം മാത്രമേ രാഹുലിന്റെ പേര് പരിഗണിക്കാവൂ എന്നും ദ്രാവിഡ് വ്യക്തമാക്കി.

മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റനാണ് രോഹിത്. നിദാഹസ് ട്രോഫിയും ഏഷ്യാ കപ്പും രോഹിത്തിന് കീഴിലാണ് ഇന്ത്യ ഉയര്‍ത്തിയത്. സെപ്റ്റംബറില്‍ ഇന്ത്യന്‍ ടീം ശ്രീലങ്ക സന്ദര്‍ശിച്ചപ്പോള്‍ ദ്രാവിഡായിരുന്നു ടീമിന്റെ പരിശീലകന്‍. പരമ്പരക്ക് ശേഷം ദ്രാവിഡ് ഇന്ത്യയുടെ സ്ഥിരം കോച്ചവണമെന്ന് പലരും അന്നേ അഭിപ്രായപ്പെട്ടിരുന്നു.