തിരുവനന്തപുരം: കോൺഗ്രസ് മുതിർന്ന നേതാക്കളായ വി എം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനുമെതിരെ ഗുരുതര ആരോപണവുമായി കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. മുല്ലപ്പള്ളിയും വി എം സുധീരനും തന്നോട് വൈരാഗ്യബുദ്ധിയോടെ പെരുമാറുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.
തന്നോട് സഹകരിക്കേണ്ട എന്ന് തീരുമാനിച്ച് ഉറപ്പിച്ചാണ് ഇരുനേതാക്കളുടേയും നീക്കം. താൻ മാത്രം വിചാരിച്ചാൽ സമവായമുണ്ടാകില്ല. നിഴലിനോട് യുദ്ധം ചെയ്യുന്നയാളാണ് വി എം സുധീരനെന്നും അദ്ദേഹം പറഞ്ഞു. ഒരു മുൻ പ്രസിഡന്റുമാർ എന്ന നിലയിൽ അവരെ കേൾക്കേണ്ട ചുമതലയുണ്ടെങ്കിലും അതിനുള്ള അവസരം അവർ തരുന്നില്ല. സഹകരിപ്പിക്കുന്നില്ലെന്ന ആക്ഷേപം പുറത്തുപറയുക, സഹകരിപ്പിക്കാൻ ശ്രമിക്കുമ്പോൾ പ്രതികരിക്കാതിരിക്കുക, ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുമ്പോൾ ഫോൺ എടുക്കാതിരിക്കുക. ഇങ്ങനെ എല്ലാം വരുമ്പോൾ മടുപ്പുണ്ടാകുമല്ലേയെന്ന് സുധാകരൻ വിശദമാക്കി.
ഗ്രൂപ്പുകൾക്കെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തത്തിൽ നിന്നും ഗ്രൂപ്പ് നേതൃത്വത്തിനും മുതിർന്ന നേതാക്കൾക്കും ഒഴിഞ്ഞു മാറാനാകില്ല. പാർട്ടിയെ നശിപ്പിച്ചത് ഗ്രൂപ്പുകളാണ്. പാർട്ടി തന്റെ കൈപ്പിടിയിൽ വരുമെന്ന് ആശങ്ക ഉള്ളതുകൊണ്ടാണ് ഗ്രൂപ്പ് നേതൃത്വങ്ങൾ മാറ്റങ്ങളെ എതിർക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംഘടനാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന നിലപാടിൽ മാറ്റമില്ല. എതിർക്കുന്നവർക്ക് തന്നെ മത്സരിച്ച് തോൽപ്പിച്ചാൽ പോരെയെന്നും അദ്ദേഹം ചോദിക്കുന്നു. കോൺഗ്രസ് പ്രവർത്തകരിൽ പൂർണവിശ്വാസമുണ്ട്. കെ എസ് ബ്രിഗേഡ് ആരാധകവൃന്ദമാണെന്നും അതു പിരിച്ചുവിടേണ്ട കാര്യമില്ലെന്നും അദ്ദേഹം അറിയിച്ചു. കെപിസിസി പുനഃസംഘടനയുമായി മുന്നോട്ട് പോകും. യൂണിറ്റ് കമ്മിറ്റീൾ മുഖേനെ അംഗത്വവിതരണം നടത്താനും തീരുമാനമായെന്ന് കെ സുധാകരൻ കൂട്ടിച്ചേർത്തു.

