തിരുവനന്തപുരം: കേരളത്തിലെ മികച്ച കായിക താരത്തിനുള്ള മുപ്പത്തി മൂന്നാമത് ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ അവാര്‍ഡ് അന്താരാഷ്ട്ര ബാഡ്മിന്റണ്‍ താരം അപര്‍ണ ബാലന്. 25000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ജോസ് ജോര്‍ജ് ഐ.പി.എസ് ചെയര്‍മാനും, അഞ്ജു ബോബി ജോര്‍ജ്, റോബര്‍ട്ട് ബോബി ജോര്‍ജ്, സെബാസ്റ്റ്യന്‍ ജോര്‍ജ്, ടി. ദേവപ്രസാദ് എന്നിവരടങ്ങുന്ന കമ്മിറ്റി ആണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത് .
2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി, 2014ലെ തോമസ് & യൂബര്‍ കപ്പില്‍ വെങ്കലം, ദക്ഷിണേഷ്യന്‍ ഗെയിംസില്‍ 4 സ്വര്‍ണം, 3 വെള്ളി, കൂടാതെ 2007നും 2018-നും ഇടയില്‍ പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ ചലഞ്ച്, സ്പാനിഷ് ഓപ്പണ്‍, ഓസ്ട്രേലിയന്‍ ഓപ്പണ്‍, ന്യൂസിലാന്‍ഡ് ഓപ്പണ്‍, റഷ്യന്‍ ഓപ്പണ്‍, ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ ചലഞ്ച്, ടാറ്റ ഓപ്പണ്‍ ഇന്റര്‍നാഷണല്‍ ചലഞ്ച്, ശ്രീലങ്കന്‍ ഇന്റര്‍നാഷണല്‍ ചലഞ്ച് തുടങ്ങിയവയില്‍ നിരവധി മെഡലുകള്‍ അപര്‍ണ നേടിയിട്ടുണ്ട്.
ഡിസംബര്‍ ആദ്യവാരം ജിമ്മി ജോര്‍ജ് സ്‌പോര്‍ട്‌സ് അക്കാദമിയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമര്‍പ്പിക്കും. ഇന്ത്യയുടെ ഇതിഹാസ വോളിബോള്‍ താരം ജിമ്മി ജോര്‍ജിന്റെ സ്മരണയ്ക്കായി 1989-ല്‍ ആണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.

