ഇടുക്കി: മുല്ലപ്പെരിയാർ ഡാമിന്റെ ജലനിരപ്പ് വീണ്ടും ഉയർന്നു. ഡാമിന്റെ വൃഷ്ടി പ്രദേശമായ പെരിയാർ കടുവാ സങ്കേതത്തിൽ കനത്ത മഴ പെയ്തതോടെയാണ് ജലനിരപ്പ് ഉയർന്നത്. ഇതോടെ അണക്കെട്ടിന്റെ സ്പിൽവെയിലെ ഏഴ് ഷട്ടറുകൾ ഉയർത്തി വെളളം തുറന്നുവിട്ടിരിക്കുകയാണ്. നിലവിൽ ഡാമിലെ ജലനിരപ്പ് 138.90 അടിയാണ്.
അതേസമയം ഷട്ടർ തുറന്ന സാഹചര്യത്തിൽ നാളെ തമിഴ്നാട്ടിലെ അഞ്ച് മന്ത്രിമാരും തേനിയിലെ ഉൾപ്പടെ മൂന്ന് എംഎൽഎമാരും ഡാം സന്ദർശിക്കും. തമിഴ്നാട് ജലസേചന മന്ത്രി ദുരൈ മുരുകൻ, ധനമന്ത്രി ത്യാഗരാജൻ, സഹകരണമന്ത്രി ഐ. പെരിയസ്വാമി, റവന്യു മന്ത്രി മൂർത്തി, ഭക്ഷ്യ സിവിൽ സ്‌പ്ലൈസ് മന്ത്രി ചക്രപാണി തുടങ്ങിയവരും എംഎൽഎമാരുമാണ് ഡാം സന്ദർശിക്കുന്നത്.
സെക്കന്റിൽ 3900 ഘനയടി വെളളമാണ് പെരിയാറിലൂടെ ഒഴുക്കിവിട്ടത്. കനത്തമഴയെ തുടർന്ന് അഞ്ച് മണിക്കൂർ കൊണ്ട് അണക്കെട്ടിൽ ഒരടി വെളളം ഉയർന്നിരുന്നു. ഇതാണ് ഷട്ടർ തുറക്കാൻ കാരണമായത്. പെരിയാറിൽ ജലനിരപ്പ് ഉയർന്ന നിലയിലാണെങ്കിലും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.

