കൊച്ചി: ഇന്ധന വില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത് ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഒത്തുതീര്‍പ്പിന് സന്നദ്ധത പ്രകടിപ്പിച്ച് കോണ്‍ഗ്രസ്. കേസന്വേഷണം പുരോഗമിക്കുമ്പോള്‍ നേതാക്കള്‍ അറസ്റ്റിലാകുമെന്ന ഘട്ടമെത്തിയപ്പോഴാണ് സമവായ നീക്കത്തിനൊരുങ്ങുന്നത്. ഇരുവിഭാഗവും തെറ്റ് സമ്മതിച്ചെന്നും കേസ് തീര്‍ക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നതായും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു. പ്രശ്‌നം രമ്യമായി തീരുമെന്നാണ് പ്രതീക്ഷയെന്നും ഷിയാസ് പറഞ്ഞു. പെട്ടെന്നുള്ള പ്രകോപനത്തിന്റെ പേരിലുണ്ടായ തര്‍ക്കത്തിലെ കേസ് തുടരാന്‍ ജോജുവും താല്‍പ്പര്യം പ്രകടിപ്പിക്കുന്നില്ല. ജോജുവിന്റെ സുഹൃത്തുക്കളും കോണ്‍ഗ്രസ് നേതാക്കളും പ്രശ്‌ന പരിഹാരത്തിനായി ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു.
അതേസമയം ഹൈവേ ഉപരോധ പ്രതിഷേധത്തിനിടെ വൈറ്റിലയില്‍ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ യൂത്ത് കോണ്‍ഗ്രസ് ഖേദം പ്രകടിപ്പിച്ചു. കഴിഞ്ഞ ദിവസം പ്രതിഷേധ സമരവും സംഘര്‍ഷങ്ങളും നടന്നയിടത്ത് പ്രവര്‍ത്തകരെത്തി മധുരം വിതരണം ചെയ്തു. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടി ഇന്ധന വിലയ്ക്ക് എതിരായി കോണ്‍ഗ്രസ് നടത്തിയ സമരങ്ങളുടെ ഫലമാണെന്നും നേതാക്കള്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരും നികുതി കുറക്കാന്‍ തയ്യാറാകണം. അതല്ലെങ്കില്‍ തെരുവില്‍ പ്രതിഷേധം നേരിടേണ്ടി വരുമെന്നും യൂത്ത് കോണ്‍ഗ്രസ് പ്രതിനിധികള്‍ കൂട്ടിച്ചേര്‍ത്തു. ഇന്ധന വിലകുറച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് കോട്ടയത്തും യൂത്ത് കോണ്‍ഗ്രസ് മധുരം വിതരണം ചെയ്തു.
അതേസമയം നടന്‍ ജോജുവിന്റെ വാഹനം തകര്‍ത്ത കേസിലെ പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. കേസിലെ ഒരു പ്രതിയെ മാത്രമാണ് ഇതുവരെ പോലീസിന് പിടികൂടാന്‍ കഴിഞ്ഞത്. മറ്റുള്ളവരുടെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്. മുന്‍ മേയര്‍ ടോണി ചമ്മണി ഉള്‍പ്പെടെയുള്ള ഏഴ് പേരെയാണ് ഇനി പിടികൂടാനുള്ളത്. വഴിതടയല്‍ സമരത്തിനെതിരായ കേസില്‍ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് ഒന്നാം പ്രതി. രണ്ടാം പ്രതി വി ജെ പൗലോസ്, മൂന്നാംപ്രതി കൊടിക്കുന്നില്‍ സുരേഷാണ്.

