സ്വർണക്കടത്തു കേസിലെ പ്രതികളുടെ ജാമ്യം; ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി എൻഐഎ

കൊച്ചി: സ്വർണക്കടത്തു കേസിലെ പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി ദേശീയ അന്വേഷണ ഏജൻസി. സ്വപ്ന സുരേഷ് ഉൾപ്പെടെയുള്ള പ്രതികൾക്ക് ജാമ്യം അനുവദിച്ച വിധിക്കെതിരെയാണ് എൻഐഎ സുപ്രീം കോടതിയെ സമീപിക്കുന്നത്. സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന ഉൾപ്പെടെയുള്ള ഏഴ് പ്രതികൾക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 25 ലക്ഷത്തിന്റെ ബോണ്ടടക്കമുള്ള ഉപാധിയിന്മേലാണ് ജാമ്യം അനുവദിച്ചത്. എൻഐഎ കോടതി വിധിയ്‌ക്കെതിരായ അപ്പീലിലായിരുന്നു ഹൈക്കോടതിയുടെ നടപടി.

സ്വപ്നയും സരിത്തും നൽകിയ ജാമ്യാപേക്ഷ എൻഐഎ കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ യുഎപിഎ നിലനിൽക്കില്ലെന്നും തങ്ങൾക്കെതിരെ യുഎപിഎ ചുമത്തുവാൻ തക്ക തെളിവുകൾ അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ലെന്നുമായിരുന്നു പ്രതികളുടെ വാദം.

2020 ജൂലൈ അഞ്ചിനാണ് തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര ബാഗിൽ നിന്ന് 14.82 കോടി രൂപ വിലവരുന്ന സ്വർണം എയർപോർട്ട് കസ്റ്റംസ് പിടികൂടിയത്. സംഭവത്തിൽ കസ്റ്റംസിന് പുറമെ എൻഫോഴ്‌സ്‌മെന്റും എൻഐഎയും കേസ് രജിസ്റ്റർ ചെയ്തിരുന്നു.