അഫ്ഗാനിസ്ഥാനെതിരെ 66 റണ്‍സിന്റെ തിളക്കമാര്‍ന്ന ജയവുമായി ടി20 ലോകകപ്പില്‍ തിരിച്ചുവരവിനൊരുങ്ങി ടീം ഇന്ത്യ. ടൂര്‍ണമെന്റില്‍ സെമിയിലെത്തിയ ആദ്യ ടീമായ പാകിസ്ഥാനെ വിറപ്പിച്ചെത്തിയ അഫ്ഗാനിസ്ഥാനെതിരെ ബാറ്റിംഗ് പൂരം കാഴ്ചവെക്കുകയായിരുന്നു ഇന്ത്യ.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 210 റണ്‍സെന്ന സ്കോര്‍ കെട്ടിപ്പൊക്കി. രോഹിത് ശര്‍മ്മ(47 പന്തില്‍ 74), കെ എല്‍ രാഹുല്‍(48 പന്തില്‍ 69), ഹര്‍ദിക് പാണ്ഡ്യ(13 പന്തില്‍ 35), റിഷഭ് പന്ത്(13 പന്തില്‍ 27) എന്നിങ്ങനെയായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ സ്കോര്‍. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്റെ ഇന്നിങ്സ് 144 റണ്‍സിന് അവസാനിച്ചു. സ്കോര്‍ ഇന്ത്യ: 210 (2 wkts, 20 Ov), അഫ്ഗാന്: 144 (7 wkts, 20 Ov)
അഫ്ഗാനിസ്ഥാന് വേണ്ടി നായകന് മുഹമ്മദ് നബിയും (35) കരിം ജനത്തും (35) മാത്രമാണ് അല്‍പ്പമെങ്കിലും പൊരുതിയത്. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി നാല് ഓവറുകളില്‍ 32 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. രവിചന്ദ്ര അശ്വിന് നാല് ഓവറുകളില്‍ 14 റണ്‍സ് മാത്രം വിട്ടുനല്‍കി രണ്ട് വിക്കറ്റുകളും വീഴ്ത്തി. ജസ്പ്രീത് ബുംറയും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റുകളും വീഴ്ത്തി.

