കൊവിഡ് വാക്‌സിനെടുക്കാത്തവര്‍ക്ക് വീടുകളിലെത്തി വാക്‌സിന്‍ നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി പ്രധാനമന്ത്രി

കൊവിഡ് വാക്‌സിനെടുക്കാത്തവര്‍ക്ക് വീടുകളിലെത്തി വാക്‌സിന്‍ നല്‍കാന്‍ നിര്‍ദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതിനായി പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കും. വാക്‌സിനേഷന്‍ എല്ലാവരിലേക്കും എത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. വാക്‌സിനേഷന്‍ 50 ശതമാനത്തില്‍ താഴെ മാത്രം പൂര്‍ത്തിയാക്കിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ജില്ലാ കളക്ടര്‍മാരുമായി നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വാക്‌സിനേഷന്‍ നല്‍കുന്നതിനായി മതനേതാക്കളുടെയും മറ്റു യുവ സംഘടനകളുടെയും സഹായം തേടാമെന്നും മോദി അഭിപ്രായപ്പെട്ടു.

ഇതുവരെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലാണ് വാക്‌സിന്‍ നല്‍കിയിരുന്നത്. ക്യാമ്പുകളിലോ ആശുപത്രികളിലോ എത്തി വാക്‌സിന്‍ സ്വീകരിക്കാന്‍ കഴിയാത്തവര്‍ക്കാണ് വീടുകളിലെത്തി വാക്‌സിന്‍ നല്‍കണമെന്ന്പ്രധാനമന്ത്രിയുടെ നിര്‍ദേശിച്ചിരിക്കുന്നത്. മൂന്നാം തരംഗത്തെ മുന്നില്‍ക്കണ്ട് പ്രതിരോധം ഊര്‍ജിതമാക്കാനും സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

സൗജന്യ വാക്‌സിന്‍ ക്യാമ്പയിന്റെ ഭാഗമായി നിലവില്‍ 2.5 കോടി ഡോസ് വാക്‌സിനുകളാണ് ദിവസവും നല്‍കുന്നത്. എല്ലാ വീടുകളിലും വാക്‌സിന്‍ എത്തിക്കുക എന്നതാണ് ലക്ഷ്യം. ഇതിന് വേണ്ടി ആവശ്യമെങ്കില്‍ 25 പേരടങ്ങുന്ന ടീമുകളായി തിരിക്കാം. എന്‍സിസി എന്‍എസ്എസ് വളണ്ടിയര്‍മാരുടെ സേവനങ്ങളും ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. 12 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രി സംസാരിച്ചത്.