വീണ്ടും കോവിഡ് കേസുകൾ വർധിക്കുന്നു; ആവശ്യസാധനങ്ങൾ സംഭരിക്കാൻ ജനങ്ങൾക്ക് നിർദ്ദേശം നൽകി ചൈനീസ് സർക്കാർ

ബെയ്ജിങ്: ആവശ്യസാധനങ്ങൾ സംഭരിക്കാൻ ജനങ്ങൾക്ക് നിർദ്ദേശം നൽകി ചൈനീസ് സർക്കാർ. ചൈനയിൽ വീണ്ടും കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് അധികൃതർ ഇത്തരമൊരു നിർദ്ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്. അവശ്യവസ്തുക്കളുടെ വിതരണം ഉറപ്പുവരുത്തണമെന്ന് അധികൃതർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

സർക്കാരിന്റെ വാണിജ്യവകുപ്പിന്റെ വെബ്സൈറ്റിൽ ഇതുസംബന്ധിച്ച നോട്ടീസും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിത്യജീവിതത്തിനും അടിയന്തര ആവശ്യങ്ങൾക്കും ഉപയോഗിക്കാനുള്ള അവശ്യവസ്തുക്കൾ ശേഖരിച്ചുവെയ്ക്കണമെന്നാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. അതേസമയം ഭക്ഷ്യ പ്രതിസന്ധിയെ കുറിച്ചോ കോവിഡ് വ്യാപനത്തെ കുറിച്ചോ നോട്ടീസിൽ സൂചിപ്പിച്ചിട്ടില്ല.

വീണ്ടും കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ രാജ്യം കടുത്ത നിയന്ത്രണങ്ങളിലേക്ക് പോകുമെന്നാണ് റിപ്പോർട്ടുകൾ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളിലേക്ക് കടക്കുകയാണെങ്കിൽ അവശ്യവസ്തുക്കൾക്ക് ക്ഷാമം അനുഭവപ്പെടാതിരിക്കാനാണ് സർക്കാർ പുതിയ നിർദ്ദേശം പുറപ്പെടുവിച്ചത്. കാർഷിക ഉത്പ്പാദനം സുഗമമാക്കുന്നതിനും വിതരണ ശൃംഖല സുഗമമായി നിലനിർത്തുന്നതിനും പ്രാദേശിക ഭക്ഷ്യ ശേഖരവും വിലസ്ഥിരതയും ഉറപ്പുവരുത്തുന്നതിനും ബന്ധപ്പെട്ടവർ നടപടികൾ കൈക്കൊള്ളണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം.

എന്നാൽ കോവിഡിന് പുറമേ കടുത്ത വേനലും വെള്ളപ്പൊക്കവും കഴിഞ്ഞ രണ്ട് വർഷമായി ചൈനയെ ബാധിച്ചിട്ടുണ്ട്,. കാർഷിക മേഖലയെ ഇത് പ്രതികൂലമായി ബാധിക്കുകയും ബാധിക്കുകയും അവശ്യസാധനവില കുതിച്ചുയരുന്നതിന് കാരണമാവുകയും ചെയ്തിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം ഇത്തരം പ്രശ്നങ്ങളെ രൂക്ഷമായി ബാധിക്കുമെന്നിരിക്കെ ഇതിനെ നേരിടാനാവാം സർക്കാരിന്റെ നീക്കമെന്നും വിവരമുണ്ട്.