പത്തനംതിട്ട: പരിധിയിലധികമായി സ്വകാര്യ വ്യക്തികൾ കൈവശം വച്ചിരിക്കുന്ന ഭൂമി പിടിച്ചെടുക്കുമെന്ന് മുന്നറിയിപ്പ് നൽകി റവന്യു മന്ത്രി കെ.രാജൻ. ഭൂരഹിതരില്ലാത്ത കേരളം യാഥാർഥ്യമാകുമ്പോൾ അധിക ഭൂമി പിടിച്ചെടുക്കൽ നടപടി കൂടി പൂർത്തിയാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ റീ സർവേയ്ക്കായുള്ള നടപടികൾ റവന്യു വകുപ്പ് ആരംഭിച്ചിട്ടുണ്ട്. 807 കോടി രൂപയാണ് ഈ സർവ്വേയ്ക്കായി ചെലവഴിക്കുന്നത്.
ഭൂമിയുടെ അതിരുകൾ കൃത്യമായി കണക്കാക്കാനും തുടർ നിരീക്ഷണങ്ങൾക്കുമായി സംസ്ഥാനത്ത് 28 ടവറുകൾ സ്ഥാപിക്കും. ഇതിൽ നിന്നുള്ള സിഗ്‌നലുകൾ കൂടി ഉപയോഗിച്ചാണ് ഡിജിറ്റൽ സർവേ പൂർത്തിയാക്കുക. ഒരേ വ്യക്തി പല തണ്ടപ്പേരിൽ ഭൂമി സ്വന്തമാക്കുന്നതിന് അവസാനമാകും. ഇനി കേരളത്തിൽ എവിടെ ഭൂമി വാങ്ങിയാലും ഒരേ തണ്ടപ്പേരായിരിക്കും നൽകുന്നത്. തണ്ടപ്പേരും ആധാർ നമ്പരുമായി ബന്ധിപ്പിച്ച ശേഷമായിരിക്കും രജിസ്‌ട്രേഷൻ നടപടികളും പൂർത്തീകരിക്കുക. ഡിജിറ്റൽ സർവേ പൂർത്തിയാകുന്നതോടെ ഭൂമി റജിസ്റ്റർ ചെയ്യുന്നതിലെ സങ്കീർണത അവസാനിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. ഭൂമി റജിസ്റ്റർ ചെയ്യുമ്പോൾ തന്നെ പോക്കുവരവ് നടത്താനും സ്ഥലത്തിന്റെ ഭൂപടം ഡൗൺലോഡ് ചെയ്‌തെടുക്കാനും കഴിയും. സേവനങ്ങൾക്കായി വില്ലേജ് ഓഫിസുകളിൽ വരിനിൽക്കേണ്ട അവസ്ഥ വരില്ലെന്നും ഭൂരേഖകൾ കൈ രേഖ പോലെ ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

