കള്ളപ്പണം വെളുപ്പിച്ചെന്നാരോപിച്ച് അറസ്റ്റിലായ ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചു. അറസ്റ്റിലായി ഒരുവര്‍ഷം തികയാന്‍ ഒരുദിവസം ബാക്കിനില്‍ക്കെയാണ് ജാമ്യം ലഭിച്ചത്. കള്ളപ്പണ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 2020 ഒക്ടോബര്‍ 29-നാണ് ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തത്. ഇതിനുശേഷം ബിനീഷ് ഇ.ഡി.യുടെ കസ്റ്റഡിയിലും ജുഡീഷ്യല്‍ കസ്റ്റഡിയിലുമായിരുന്നു. ആദ്യം സെഷന്‍സ് കോടതിയില്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചിരുന്നെങ്കിലും ഹര്‍ജി കോടതി തള്ളുകയും തുടര്‍ന്ന് കര്‍ണാടക ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുകയായിരുന്നു. നീണ്ട ഏഴുമാസത്തെ വാദത്തിന് ശേഷമാണ് ബിനീഷിന് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
കേസിന്റെ തുടക്കം 2020 ഓഗസ്റ്റ് 21-ന് ബെംഗളൂരുവില്‍ വെച്ച് മലയാളികളായ അനൂപ് മുഹമ്മദ്, റിജേഷ് രവീന്ദ്രന്, കന്നഡ നടി അനിഘ എന്നിവര്‍ ലഹരിമരുന്നുമായി പിടിയിലായതോടെയാണ്. അന്വേഷണത്തില്‍ അനൂപിന് ബിനീഷ് കോടിയേരിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായും തെളിഞ്ഞു. ഇതോടെയാണ് ബിനീഷ് കോടിയേരിയെ എന്‍.സി.ബി.യും ഇ.ഡി.യും ചോദ്യംചെയ്യുന്നത്.
അനൂപിന്റെ ലഹരിക്കച്ചവടത്തിന്റെ മറവില്‍ ബിനീഷ് കോടിയേരി കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഇ.ഡി.വാദിച്ചിരുന്നത്. ഒക്ടോബര്‍ 29-ന് ചോദ്യംചെയ്യാന്‍ വിളിപ്പിക്കുകയും മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിനൊടുവില്‍ ബിനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
അറസ്റ്റിലായതിന് പിന്നാലെ ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ ഇ.ഡി. റെയ്ഡ് നടത്തിയിരുന്നു. ഉദ്യോഗസ്ഥര്‍ റെയ്ഡിനിടെ ഭീഷണിപ്പെടുത്തിയെന്ന് ബിനീഷ് കോടിയേരിയുടെ ഭാര്യ ആരോപിച്ചു. ഈ വിവാദങ്ങള്‍ ബിനീഷിന്റെ രാഷ്ട്രീയ -സാമ്പത്തിക സ്വാധീനം മൂലമാണെന്ന് ഇ.ഡി വാദിക്കുകയും ജാമ്യം ഹര്‍ജി തള്ളുകയുമായിരുന്നു.
തുടര്‍ന്നാണ് കര്‍ണാടക ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. അനൂപിന് വായ്പയായി പണം നല്‍കിയിട്ടുണ്ട്. എന്നാല്‍ ലഹരിക്കടത്തില്‍ പങ്കില്ലെന്ന് ബിനീഷ് പറഞ്ഞു. താന്‍ പണം സമ്പാദിച്ചത് ബിസിനസിലൂടെയാണ്. അച്ഛല്‍ അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലാണെന്നും തന്റെ സാമീപ്യം ആവശ്യമാണെന്നും ഹര്‍ജിയില്‍ പറയുന്നു.
എന്നാല്‍ ഇ.ഡി. ബിനീഷിന് ജാമ്യം നല്‍കുന്നതിനെ ശക്തമായി എതിര്‍ത്തു. പ്രതിയുടെ നിലവിലെ രാഷ്ട്രീയ-സാമ്പത്തിക സ്വാധീനവും തെളിവുകള്‍ നശിപ്പിക്കാനുള്ള സാധ്യതയുണ്ടെന്ന് ഇ.ഡി. ചൂണ്ടിക്കാട്ടി.

