ന്യൂഡല്‍ഹി: പന്തീരാങ്കാവ് യു.എ.പി.എ കേസിലെ പ്രതിയായ താഹ ഫസലിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ഈ കേസിലെ മറ്റൊരു പ്രതിയായ അലന് ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍ഐഎയുടെ ആവശ്യവും സുപ്രീംകോടതി നിരസിച്ചു. കേസില്‍ വിധി പറഞ്ഞത് സുപ്രീംകോടതി ജസ്റ്റിസ് അജയ് റസ്തോഗി അദ്ധ്യക്ഷനായ ബെഞ്ചാണ്.
ഈ പ്രതികളുടെ മാവോയിസ്റ്റ് ബന്ധം തെളിയിക്കാനുള്ള ശക്തമായ തെളിവുണ്ടെന്ന എന്‍.ഐ.എ വാദിച്ചിരുന്നു. എന്നാല്‍ ഈ വാദം തള്ളിയാണ് സുപ്രീംകോടതി താഹയ്ക്ക് ജാമ്യം അനുവദിച്ചതും അലന്റെ ജാമ്യം നിലനിര്‍ത്തിയതും. എന്‍ഐഎയോട് ,നിരോധിത പുസ്തകം കൈവശം വയ്ക്കുകയോ മുദ്രവാക്യം വിളിക്കുകയോ ചെയ്താല്‍ എങ്ങനെ യുഎപിഎ അനുസരിച്ച് കേസെടുക്കുമെന്ന് കോടതി വാദത്തിനിടെ ചോദിച്ചിരുന്നു. വാദത്തിനിടെ പ്രതികളുടെ പ്രായം സംബന്ധിച്ച് കോടതിയില്‍ ചര്‍ച്ച ഉയര്‍ന്നു.എന്നാല്‍ തീവ്രവാദത്തിന് പ്രായമില്ലെന്നായിരുന്നു എന്‍ഐഎയുടെ മറുപടി. അലന് ഷുഹൈബിന് 19ഉം താഹ ഫസലിന് 23മായിരുന്നു കേസെടുക്കുമ്പോള്‍ പ്രായം.
പ്രതികള്‍ മാവോയിസ്റ്റ് സംഘടനയുടെ അംഗങ്ങളാണെന്ന് സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം കണ്ടെത്തിയതെന്ന് അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു വാദത്തിനിടെ കോടതിയില്‍, പറഞ്ഞിരുന്നു. കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലാണ് അലന് ഷുഹൈബിനും, താഹ ഫസലിനും ജാമ്യം അനുവദിച്ചത്. എന്നാല്‍ താഹ ഫസലിന്റെ ജാമ്യം ഇക്കഴിഞ്ഞ ജനുവരിയില്‍ ഹൈക്കോടതി റദ്ദാക്കി. എന്നാല്‍, അലന് ഷുഹൈബിന് വിചാരണക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതി തയാറായില്ല. ഇതേതുടര്‍ന്നാണ് സാ എന്‍.ഐ.എ സുപ്രീംകോടതിയെ സമീപിച്ചത്.

