മുല്ലപ്പെരിയാര്‍;പുതിയ അണക്കെട്ടിലൂടെ തമിഴ്നാടിന് ജലവും സംസ്ഥാനത്തെ ജനങ്ങള്‍ക്ക് സുരക്ഷയും ഉറപ്പാക്കണമെന്ന് സുപ്രീം കോടതിയില്‍ കേരളം

ന്യൂഡല്‍ഹി: ചിന്തിക്കാവുന്നതിലും അപ്പുറമായിരിക്കും മുല്ലപ്പെരിയാര്‍ അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാല്‍ ഉണ്ടാകുന്ന ദുരന്തമെന്ന് സുപ്രീം കോടതിയെ അറിയിച്ച് കേരളം. അഞ്ച് ജില്ലകളിലെ 30 ലക്ഷം ജനങ്ങളുടെ സുരക്ഷ കണക്കിലെടുക്കണമെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ നിലവിലെ അണകെട്ട് ഡീക്കമ്മീഷന്‍ ചെയ്യണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു. പുതിയ അണക്കെട്ട് നിര്‍മ്മിച്ച് അയല്‍ സംസ്ഥാനമായ തമിഴ്നാടിന് ജലവും കേരളത്തിലെ ജനങ്ങള്‍ക്ക് സുരക്ഷയും ഉറപ്പാക്കണമെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത. സംസ്ഥാന സര്‍ക്കാരിന്റെ വാദം എഴുതി കോടതിക്ക് കൈമാറിയത്.
സ്റ്റാന്റിംഗ് കോണ്‍സല്‍ ജി. പ്രകാശ് ആണ്

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുകയാണ്. കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ ജലം അണക്കെട്ടിലേക്ക് എത്തുന്നത് സങ്കീര്‍ണത സൃഷ്ടിക്കുമെന്നും അതിനാല്‍ പരമാവധി ജലം തമിഴ്നാട് കൊണ്ട് പോകണം എന്നാണ് കേരളം ആവശ്യപ്പെടുന്നത്.

അതേസമയം, കേന്ദ്ര ജലകമ്മീഷന്‍ അംഗീകരിച്ച റൂള്‍ കെര്‍വ് സ്വീകാര്യം അല്ലെന്നും കേന്ദ്ര ജലകമ്മീഷന്‍ അംഗീകരിച്ചത് തമിഴ്നാട് തയ്യാറാക്കിയ റൂള്‍ കെര്‍വ് ആണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഒക്ടോബര്‍ 31 വരെ 138 അടിയാക്കാമെന്നാണ് തമിഴ്നാട് തയ്യാറാക്കിയ റൂള്‍ കെര്‍വ് പറയുന്നത്. നവംബര്‍ പത്തിലെ പരമാവധി ജലനിരപ്പ് 139.5 അടിയും നവംബര്‍ 20 ലെ പരമാവധി ജലനിരപ്പ് 141 അടിയും, നവംബര്‍ 30-ലെ പരമാവധി ജലനിരപ്പ് 142 അടിയുമാണ്. എന്നാല്‍ കാലാവസ്ഥ മാറ്റം നിലില്‍ക്കുന്ന ഈ സാഹചര്യത്തില്‍ ഇത് സ്വീകാര്യമല്ലെന്ന് കേരളം വ്യക്തമാക്കുന്നു.

കേരളം വ്യക്തമാക്കുന്നത് ഒക്ടോബര്‍ 31 വരെ പരമാവധി ജലനിരപ്പ് 136 അടിയും നവംബര്‍ പത്തിലെ പരമാവധി ജലനിരപ്പ് 138.3 അടിയും നവംബര്‍ 20-ലെ പരമാവധി ജലനിരപ്പ് 139.6 അടിയും, നവംബര്‍ 30-ലെ പരമാവധി ജലനിരപ്പ് 140 അടിയുമെന്നാണ്. ഒരു ഘട്ടത്തിലും ഡാമിലെ ജലനിരപ്പ് 142 ആയി ഉയര്‍ത്തരുതെന്നാണ് സംസ്ഥാന ആവശ്യപ്പെടുന്നത്.