പെഗാസസ് വിവാദം അന്വേഷിക്കാൻ സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ മൂന്നംഗ വിദഗ്ധ സമിതി

ന്യൂഡൽഹി: പെഗാസസ് വിവാദം സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ മൂന്നംഗ സമിതി അന്വേഷിക്കും. മുൻ ജസ്റ്റിസ് ആർ വി രവീന്ദ്രന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയായിരിക്കും അന്വേഷണം നടത്തുക. കേസുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ സുപ്രീം കോടതി രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തു. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടിട്ടും വളരെ കുറച്ച് വിവരങ്ങൾ കൈമാറാൻ മാത്രമാണ് കേന്ദ്ര സർക്കാർ തയ്യാറായതെന്ന് കോടതി അറിയിച്ചു.

രാഷ്ട്രീയ വിവാദത്തിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. ഭരണഘടന തത്വങ്ങൾ ഉയർത്തിപിടിക്കാനാണ് ആഗ്രഹിക്കുന്നത്. വിവരസാങ്കേതിക വളർച്ചയുടെ കാലത്ത് വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കാൻ സർക്കാരിന് ബാദ്ധ്യതയുണ്ടെന്നും മാദ്ധ്യമപ്രവർത്തകർക്കു മാത്രമല്ല എല്ലാവർക്കും സ്വകാര്യത ബാധകമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് എൻ വി രമണ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് നിരീക്ഷണം. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഹിമാ കൊഹ്ലി എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങൾ.

മുതിർന്ന മാദ്ധ്യമപ്രവർത്തകരായ എൻ റാം, ശശികുമാർ, ജോൺ ബ്രിട്ടാസ് എം പി എന്നിവരാണ് പെഗാസെസ് വിഷയവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി സർപ്പിച്ചത്. ഇസ്രായേൽ ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് ഇന്ത്യയിലെ രാഷ്ട്രീയക്കാർ, ആക്ടിവിസ്റ്റുകൾ, മാദ്ധ്യമപ്രവർത്തകർ എന്നിവരുടേതടക്കം ഫോൺ വിവരങ്ങൾ ചോർത്തിയതായാണ് ആരോപണം. 17 ഓളം അന്താരാഷ്ട്ര മാദ്ധ്യമസ്ഥാപനങ്ങൾ നടത്തിയ അന്വേഷണത്തിലാണ് ഈ റിപ്പോർട്ട് പുറത്തു വന്നത്.