ചെന്നൈ: തമിഴ്‌നാട്ടിൽ പടക്ക കടയ്ക്ക് തീപിടിച്ചു. കല്ലാകുറിച്ചി ജില്ലയിലെ ശങ്കരപുരത്തുള്ള പടക്ക കടയിലാണ് അപകടം ഉണ്ടായത്. തീപിടുത്തത്തിൽ അഞ്ച് പേർ മരിക്കുകയും പത്തു പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
പടക്ക കടയ്ക്ക് സമീപത്തെ ബേക്കറിയിൽ നിന്നാണ് തീ പടർന്നതാണെന്നാണ് സംശയിക്കുന്നത്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം.
ദീപാവലി കണക്കിലെടുത്ത് കടയിൽ വലിയ തോതിൽ പടക്കം സംഭരിച്ചിരുന്നു. അഗ്‌നിശമന സേനയും പോലീസും ചേർന്ന് നടത്തിയ മണിക്കൂറുകൾ നീണ്ട പ്രയത്‌നത്തിനൊടുവിൽ തീ നിയന്ത്രണ വിധേയമായി. പടക്കശാലയ്ക്ക് സമീപത്തെ കടകൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. തീപിടുത്തതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. തീപിടുത്തതെത്തുടർന്ന് ആകാശത്തേക്ക് തീഗോളം ഉയർന്നു പൊങ്ങുന്നത് ദൃശ്യങ്ങളിൽ കാണാൻ കഴിയും. കടയുടെ മുന്നിൽ നിർത്തിയിട്ടിരുന്ന ഇരുചക്ര വാഹനം കത്തി നശിച്ചു.

