ഇന്ത്യയുടെ കോവാക്‌സിന് ലോകാരോഗ്യ സംഘടന അംഗീകാരം നൽകുമോ? നിരീക്ഷണങ്ങൾ ഇങ്ങനെ

vaccine

ന്യൂഡൽഹി: ലോകാരോഗ്യ സംഘടന എന്തുകൊണ്ടാണ് കോവാക്‌സിന് അംഗീകാരം നൽകാൻ വൈകുന്നത്. പലരുടെയും മനസിൽ ഒരുതവണയെങ്കിലും ഉണ്ടായ സംശയമാണിത്. ഇക്കാര്യത്തിൽ നിരവധി വിശദീകരണങ്ങൾ ലോകാരോഗ്യ സംഘടനയുടെ ഭാഗത്ത് നിന്നും ഉണ്ടായെങ്കിലും നടപടികൾ ദുരൂഹമാണെന്ന വിമർശനം ഉയരുന്നുണ്ട്.

ഇന്ത്യ സ്വന്തം നിലയിൽ വികസിപ്പിച്ചെടുത്ത തദ്ദേശീയ വാക്‌സിന് അംഗീകാരം നൽകാത്തതിനു പിന്നിൽ ഒത്തുകളിയുണ്ടോ? അതോ വാക്‌സിന് എന്തെങ്കിലും കുഴപ്പമുണ്ടോ തുടങ്ങിയ ചോദ്യങ്ങളും ശക്തമാണ്. യുഎസ് വാക്‌സിനുകളായ ഫൈസർ, മൊഡേണ, ജോൺസൺ ആൻഡ് ജോൺസൺ, ഓക്‌സ്ഫഡ് വികസിപ്പിച്ച കോവിഷീൽഡ്, വാക്‌സെവിരിയ, ചൈനയുടെ സിനോവാക് എന്നീ വാക്‌സിനുകൾക്കു മാത്രമാണ് നിലവിൽ ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ളത്. ചൈനയുടെ തദ്ദേശീയ വാക്‌സിന് പോലും അംഗീകാരം നൽകിയിട്ടും എന്തുകൊണ്ട് കോവാക്‌സിന് അനുമതിയില്ല എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ഇതുവരെ ലഭ്യമായിട്ടില്ല. അതേസമയം വൻകിട വാക്‌സിൻ കമ്പനികളുടെ ഇടപെടലുകൾക്കും താൽപര്യത്തിനും അനുസരിച്ചാണ് ഇക്കാര്യങ്ങളിൽ തീരുമാനമെന്നും ആരോപണമുണ്ട്. എന്നാൽ ഇന്ത്യ ഇതുവരെ ഈ വാദം ഉന്നയിച്ചിട്ടില്ല.

കോവാക്‌സീന്റെ അംഗീകാരം ഇനിയും വൈകില്ലെന്നാണ് ആരോഗ്യമന്ത്രാലയ വൃത്തങ്ങൾ നൽകുന്ന സൂചന. ഇന്ത്യ ഇതുവരെ വിതരണം ചെയ്ത വാക്‌സിന്റെ 11 ശതമാനത്തിലധികം കോവാക്‌സിനാണ്. 11 കോടിയിൽ പരം കോവാക്‌സിൻ ഡോസുകളാണ് രാജ്യത്ത് ഇതുവരെ വിതരണം ചെയ്തത്. കോവാക്‌സിൻ കുത്തിവെയ്പ്പ് സ്വീകരിച്ചതിനാൽ വിദേശത്തേക്ക് പോകാൻ കഴിയാതെ ധാരാളം പേർക്ക് തൊഴിൽ നഷ്ടമായ സാഹചര്യം വരെയുണ്ടായി. ഉടൻ തന്നെ വാക്‌സിന്അംഗീകാരം ലഭിക്കുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ പ്രതീക്ഷ.