തിരുവനന്തപുരം: ചെറിയാൻ ഫിലിപ്പിനെ പാർട്ടിയിലേക്ക് തിരികെ എത്തിക്കാനുള്ള നീക്കം ശക്തമാക്കി കോൺഗ്രസ്. ഇതിന്റെ ഭാഗമായി എ കെ ആന്റണി ചെറിയാൻ ഫിലിപ്പുമായി ചർച്ച നടത്തി. ഡൽഹിയിൽ നിന്നും കെപിസിസി അദ്ധ്യക്ഷൻ മടങ്ങിയെത്തിയതിന് ശേഷമായിരിക്കും ചെറിയാൻ ഫിലിപ്പിന്റെ തിരിച്ചു വരവിൽ അന്തിമ തീരുമാനമുണ്ടാകുക. ഉപാധികളില്ലാതെ മടങ്ങിവരാൻ തയ്യാറാണെന്ന് ചെറിയാൻ ഫിലിപ്പ് ആന്റണിയെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ.
ചെറിയാൻ ഫിലിപ്പിന് രാജ്യസഭാ സീറ്റ് നിഷേധിച്ചപ്പോൾ തുടങ്ങിയ ചർച്ചകളാണ് നിലവിൽ അന്തിമ ഘട്ടത്തിൽ എത്തിയിരിക്കുന്നത്. ചെറിയാൻ ഫിലിപ്പ് ഉപാധികളൊന്നു മുന്നോട്ട് വെച്ചിട്ടില്ലെങ്കിലും അദ്ദേഹത്തിന് പദവി നൽകാനാണ് കോൺഗ്രസ് നേതൃത്വം താത്പര്യപ്പെടുന്നത്. എടുത്ത് ചാടി എല്ലൊടുഞ്ഞുവെന്ന ചെറിയാൻ ഫിലിപ്പിന്റെ പരാമർശത്തിന് പിന്നാലെയാണ് കോൺഗ്രസിന്റെ ഭാഗത്ത് നിന്നുള്ള നീക്കങ്ങൾ വേഗത്തിലായത്. കെ സുധാകരൻ തിരുവനന്തപുരത്തെത്തിയ ഉടൻ ചെറിയാൻ ഫിലിപ്പിനെ കണ്ടെക്കുമെന്നാണ് വിവരം.
ചെറിയാൻ ഫിലിപ്പിന്റെ മടങ്ങി വരവ് പാർട്ടി വിട്ട് പോയവർക്കുള്ള സന്ദേശമായാണ് കോൺഗ്രസ് നേതൃത്വം കണക്കാക്കുന്നത്.

