ആശ്വാസ വാർത്ത; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വാഹനനികുതി അടയ്‌ക്കേണ്ട കാലാവധി നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വാഹനനികുതി അടയ്‌ക്കേണ്ട കാലാവധി നീട്ടി. ഡിസംബർ 31 വരെയാണ് കാലാവധി നീട്ടിയത്. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്.

ഒക്ടോബറിലാരംഭിക്കുന്ന മൂന്നാം ക്വാർട്ടറിലെ വാഹന നികുതി അടയ്ക്കുന്നതിനുള്ള കാലാവധിയാണ് ഇപ്പോൾ നീട്ടി നൽകിയത്. നവംബറിൽ സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭ്യർത്ഥനയെ തുടർന്നാണ് തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി.

കോവിഡിന്റെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങൾക്ക് സെപ്റ്റംബർ 30 വരെയുള്ള നികുതി പൂർണമായും ഒഴിവാക്കിയിരുന്നു. ഒന്ന് മുതൽ ഏഴ് വരെയുളള ക്ലാസ്സുകളും, 10, 12 ക്ലാസ്സുകളുമാണ് നവംബർ ഒന്ന് മുതൽ ആരംഭിക്കുക. ബാക്കിയുള്ള ക്ലാസ്സുകൾ നവംബർ 15 മുതൽ ആരംഭിക്കും.