ഇനിയും കാത്തിരിക്കാനാകില്ല; അനുകൂല സാഹചര്യമല്ലെങ്കില്‍ മരയ്ക്കാര്‍ ഒടിടി റിലീസ് ചെയ്യും-നിര്‍മ്മാതാവ്

പ്രിയദര്‍ശന്‍ മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി സംവിധാനം ചെയ്ത മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം ഒടിടി റിലീസിനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഇനിയും കാത്തിരിക്കാന്‍ സാധിക്കില്ലെന്നാണ് ചിത്രത്തിന്റെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞത്. ഒടിടി റിലീസുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ആമസോണ്‍ പ്രൈമുമായി ചര്‍ച്ച നടത്തി വരികയാണ്.

സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കാമെന്ന് ഉത്തരവ് വന്നിരുന്നു. എന്നാല്‍ നിലവില്‍ 50 ശതമാനം ആളുകളെ മാത്രമേ തിയേറ്ററുകളിലേക്ക് പ്രവേശിപ്പിക്കു. ഈ സാഹചര്യം നിലനില്‍ക്കവെ ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്താല്‍ ലാഭകരമായിരിക്കില്ലെന്നാണ്
സൂചന.

ഇനിയും കാത്തിരിക്കാനാകില്ല. അനുകൂല സാഹചര്യങ്ങള്‍ ഒത്തുവന്നാല്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യും. അല്ലെങ്കില്‍ ഒടിടി റിലീസ് നോക്കേണ്ടിവരുമെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.മികച്ച ഫീച്ചര്‍ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.