‘സര്‍ വെള്ളം എടുത്തോളൂ; ജീവന്‍ എടുക്കരുത്’ ; സ്റ്റാലിന്റെ സോഷ്യല്‍ മീഡിയ പേജില്‍ കമന്റുകളുമായി മലയാളികള്‍

കേരള ജനതയെ മുഴുവന്‍ ഭീതിലാഴ്ത്തുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയായി ഉയര്‍ന്നു. ഇതേതുടര്‍ന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ഔദ്യോഗിക സോഷ്യല്‍മീഡിയ പേജുകളില്‍ മലയാളികളുടെ കമന്റുകള്‍. മുല്ലപ്പെരിയാര്‍ ഡാം ഡീകമ്മീഷന്‍ചെയ്യണമെന്നാണ് മിക്ക മലയാളികളും ആവശ്യപ്പെടുന്നത്.

‘സര്‍, വെള്ളം എത്രവേണമെങ്കിലും എടുത്തോളൂ, ജീവന്‍ എടുക്കരുത്’ എന്നുതുടങ്ങിയ കമന്റുകളാണ് ഏറെയും. മുഖ്യമന്ത്രിയുടെ പേജില്‍ ഡീകമ്മീഷന്‍ മുല്ലപ്പെരിയാര്‍ ഡാം എന്ന ഹാഷ്ടാഗില്‍ ക്യാമ്പയിനും നടക്കുന്നുണ്ട്. തമിഴ്നാട് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഡാം ഡീകമ്മീഷന്‍ ചെയ്യാന്‍ എത്രയും പെട്ടെന്ന് നടപടിയുണ്ടാകണമെന്നും മലയാളികള്‍ ആവശ്യപ്പെട്ടു. ട്വിറ്റര്‍, ഫേസ്ബുക്ക് അക്കൗണ്ടുകളിലാണ് കൂടുതല്‍ കമന്റുകളും. നിരവധി മലയാളികളാണ് മുഖ്യമന്ത്രിയുടെ ഓരോ പോസ്റ്റിന് കീഴിലും കമന്റുകള്‍ ഇടുന്നത്. തമിഴ്നാടിന് വെള്ളം നല്‍കാന്‍ കേരളത്തിന് മടിയില്ലെന്നും എന്നാല്‍ മലയാളികളുടെ ജീവന് ഭീഷണിയായ ഡാം പൊളിച്ച് പുതിയത് നിര്‍മ്മിക്കണമെന്നും ആവശ്യപ്പെടുന്നു.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137 അടിയായി ഉയര്‍ന്നിരിക്കുകയാണ്. ഇതിന് പുറമെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്നതും വീണ്ടും ജങ്ങള്‍ക്കിടയില്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. സോഷ്യല്‍മീഡിയയില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീകമ്മീഷന്‍ ചെയ്യണമെന്നാവശ്യപ്പെട്ട് വലിയ പ്രചാരണമാണ് നടക്കുന്നത്. സിനിമാ താരങ്ങളടക്കം അണക്കെട്ട് ഡീകമ്മീഷന്‍ ചെയ്യണമെന്നാവശ്യവുമായി രംഗത്ത് എത്തിയിട്ടുണ്ട്. 1895ലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മിക്കുന്നത്. അന്ന് 50 വര്‍ഷമായിരുന്നു കാലാവധി പറഞ്ഞിരുന്നത്.

യുഎന്‍ യൂണിവേഴ്സിറ്റിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് അണക്കെട്ടിന് ഘടനാപരമായ ബലക്ഷയമുണ്ടെന്നും തകര്‍ച്ചാ സാധ്യത തള്ളാനാകില്ലെന്നുമാണ് വ്യക്തമാക്കുന്നത്.എന്നാല്‍ അണക്കെട്ടിന് ബലക്ഷയമില്ലെന്നും ജലനിരപ്പ് 142 അടിയില്‍ നിന്ന് 152 അടിയാക്കണമെന്നുമാണ് തമിഴ്നാടിന്റെ ആവശ്യം.