നൂറ് കോടി കോവിഡ് വാക്സിന്‍ ഡോസുകള്‍; കേന്ദ്രസര്‍ക്കാര്‍ വീഴ്ചകള്‍ മറികടന്നെന്ന് ശശി തരൂര്‍

ന്യൂഡല്‍ഹി: രാജ്യത്ത് നൂറ് കോടിയിലധികം കോവിഡ് വാക്സിന്‍ ഡോസുകള്‍ നല്‍കാന്‍ കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണെന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. ഇതിലൂടെ കേന്ദ്രസര്‍ക്കാര്‍ കോവിഡ് നേരിടുന്നതില്‍ വരുത്തിയ ചില വീഴ്ചകളും വാക്‌സിനേഷനിലെ പോരായ്മകളും മറികടന്നെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

നൂറ് കോടി ഡോസ് വാക്‌സിന്‍ ഇന്ത്യ ഒമ്പത് മാസത്തിനുള്ളിലാണ് പൂര്‍ത്തീകരിച്ചത്. രാജ്യത്ത് 2021 ജനുവരി 16 നായിരുന്നു വാക്‌സിന്‍ വിതരണം ആരംഭിച്ചത്.

അതേസമയം, രാജ്യത്തിന്റെ ഈ ചരിത്ര നേട്ടത്തില്‍ വലിയ ആഘോഷ പരിപാടികള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ചെങ്കോട്ടയില്‍ ഇന്ന് ദേശീയ പതാക ഉയര്‍ത്തും. നൂറ് കോടി വാക്‌സിന്‍ ഡോസുകള്‍ നല്‍കിയെന്ന് വിമാനങ്ങള്‍, കപ്പല്‍, ട്രെയിനുകളില്‍ എന്നിവിടങ്ങളില്‍ പ്രഖ്യാപനമുണ്ടാകും. 99.70 കോടി ഡോസുകളാണ് ബുധനാഴ്ച്ച വരെയുള്ള കണക്കുകള്‍ പ്രകാരം ഇതുവരെ നല്‍കിയത്. ബേക്കല്‍ കോട്ടയിലും കണ്ണൂര്‍ കോട്ടയിലുമാണ് സംസ്ഥാനത്തെ ആഘോഷങ്ങള്‍ നടക്കുക.

രാജ്യത്തെ പ്രായപൂര്‍ത്തിയായവരില്‍ 75 ശതമാനം ആളുകള്‍ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചുവെന്നും രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരുടെ അനുപാതം 31 ശതമാനം മാത്രമാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ കണക്ക് വ്യക്തമാക്കുന്നു.12 കോടിയിലേറെ വാക്‌സിന്‍ നല്‍കി ഉത്തര്‍പ്രദേശാണ് മുന്നില്‍.തൊട്ടുപിന്നാലെ മഹാരാഷ്ട്രയും ഗുജറാത്തുമാണ് ഉള്ളത്.