അമരീന്ദർ സിംഗ് പുതിയ രാഷ്ട്രീയ സംഘടന രൂപീകരിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്; ബിജെപിയുമായി സഖ്യമുണ്ടാക്കും

ലുധിയാന: മുൻ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് പുതിയ രാഷ്ട്രീയ സംഘടന രൂപീകരിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. അടുത്തിയ ഒരു മാദ്ധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം സംബന്ധിച്ച സൂചനകൾ നൽകിയത്. 2022 ഫെബ്രുവരിയിൽ നടക്കാൻ പോകുന്ന പഞ്ചാബ് നിയസഭാ തെരഞ്ഞെടുപ്പിൽ അമരീന്ദർ സിംഗ് ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്ന സൂചനകളും പുറത്തു വരുന്നുണ്ട്.

പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെയാണ് അമരീന്ദർ സിംഗ് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനൊരുങ്ങുന്നത്. സെപ്തംബർ 18 നാണ് അമരീന്ദർ സിംഗ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. നവജോത് സിംഗ് സിദ്ദുവിനെ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനായി നിയമിച്ച കോൺഗ്രസ് ഹൈക്കമാന്റിന്റെ നടപടിയും തന്നോടാലോചിക്കാതെ വിളിച്ച നിയമസഭാകക്ഷിയോഗത്തെ തുടർന്നുണ്ടായ അപമാനവും മൂലമായിരുന്നു അദ്ദേഹത്തിന്റെ രാജി പ്രഖ്യാപനം. ബിജെപിക്ക് പുറമെ അകാലിദളിലെ ചില ഗ്രൂപ്പുകളുമായും സഖ്യമുണ്ടാക്കുമെന്നാണ് സൂചനകൾ.