രാജ്യത്തെ സാധാരണക്കാരുടെ ആരോഗ്യ പരിരക്ഷ ഉറപ്പു വരുത്താൻ പുതിയ നടപടികളുമായി കേന്ദ്ര സർക്കാർ; 40 കോടി ആളുകൾക്ക് പ്രയോജനപ്രദമാകും

ന്യൂഡൽഹി: രാജ്യത്തെ സാധാരണക്കാരുടെ ആരോഗ്യ പരിരക്ഷ ഉറപ്പു വരുത്താൻ പുതിയ നടപടികളുമായി കേന്ദ്ര സർക്കാർ. രാജ്യത്ത് മെഡിക്കൽ പരിരക്ഷ ഇല്ലാത്ത 40 കോടി ആളുകൾക്ക് പ്രയോജനപ്രദമാകുന്ന പദ്ധതിയാണ് കേന്ദ്ര സർക്കാർ രൂപീകരിക്കാനൊരുങ്ങുന്നത്. പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനക്ക് സമാനമായ രീതിയിലായിരിക്കും പുതിയ പദ്ധതി. നിലവിൽ മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ ഒന്നുമില്ലാത്ത മുഴുവൻ ഇടത്തരം കുടുംബങ്ങളെയും ഉൾപ്പെടുത്തുക എന്നതാണ് പദ്ധതിയിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.

ഇതിനായി 21 ഇൻഷുറൻസ് കമ്പനികളുടെ ചുരുക്കപ്പട്ടിക തയാറാക്കിയിട്ടുണ്ട്. സ്വമേധയാ ഉള്ള ഈ പ്രാരംഭ പദ്ധതി നടപടിയുടെ ഭാഗമായി ദേശീയ ആരോഗ്യ അതോറിറ്റിയും ഇൻഷുറൻസ് കമ്പനികളും തമ്മിൽ ധാരണാ പത്രം ഒപ്പിടുന്നതിനുള്ള നീക്കങ്ങൾ ആരംഭിച്ചതായാണ് റിപ്പോർട്ട്.

നിലവിൽ രാജ്യത്തെ 50 കോടി പാവപ്പെട്ട കുടുംബങ്ങൾക്കാണ് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പദ്ധതി വഴി സൗജന്യമായി ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നത്. ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും ഒരു വർഷത്തേക്ക് അഞ്ച് ലക്ഷം രൂപ വരെ ആരോഗ്യ പരിരക്ഷ ലഭിക്കുന്നതാണ് ജൻധൻ ആരോഗ്യ യോജന പദ്ധതി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ ഒരു വ്യക്തിക്കോ ഒന്നിൽ കൂടുതൽ വ്യക്തികൾക്കോ ചികിത്സാ ചിലവിനായി ഈ ഹെൽത്ത് ഇൻഷുറൻസ് ആനുകൂല്യം ഉപയോഗപ്പെടുത്താം. ആശുപത്രി വാസത്തിനു മുൻപും ശേഷവും ആവശ്യമായിവരുന്ന ചികിത്സാ ചിലവുകൾ, തുടർ ചികിത്സകൾ, ശസ്ത്രക്രിയകൾ തുടങ്ങിയ കാര്യങ്ങളെല്ലാം പദ്ധതിയുടെ പരിധിയിലുണ്ട്.