തിരുവനന്തപുരം: കെ-റെയിൽ പദ്ധതിക്കായി സ്ഥലമേറ്റെടുക്കുമ്പോൾ നഷ്ടപരിഹാരം നൽകുന്നതിൽ ഉദാരമായ സമീപനമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കെ റെയിലിനായി സ്ഥലമേറ്റെടുക്കുമ്പോൾ ഗ്രാമീണമേഖലകളിൽ ഭൂമിവിലയുടെ നാലിരട്ടി വരേയും നഗരമേഖലകളിൽ രണ്ടിരട്ടി വരേയും നഷ്ടപരിഹാരം നൽകുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. കെ റെയിൽ പദ്ധതി നടപ്പാക്കുന്നതിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകവെയാണ് അദ്ദേഹം ഇക്കാര്യം വിശദമാക്കിയത്.
സംസ്ഥാനത്തെ ദേശീയ-സംസ്ഥാന പാതകളിലെ തിരക്കും അപകടങ്ങളും കുറക്കാനും യാത്രാ സമയം കുറക്കാനും കെ- റെയിൽ ഉപകരിക്കും. പശ്ചാത്തല വികസന മേഖലയിൽ വലിയ മാറ്റമായിരിക്കും പദ്ധതിയിലൂടെ ഉണ്ടാകുന്നത്. രാജ്യത്തെ എട്ട് സംസ്ഥാനങ്ങൾ ഇത്തരം സംരഭങ്ങൾ രൂപികരിച്ചിട്ടുണ്ട്. പദ്ധതി നടപ്പാക്കുന്നതിൽ സുതാര്യമായ സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. ഭൂമിയേറ്റെടുക്കാൻ ആധുനിക സംവിധാനമാണ് ഏർപ്പെടുത്തുന്നതെന്നും എല്ലാ ചട്ടങ്ങളും മാർഗ്ഗനിർദേശങ്ങളും ഇക്കാര്യത്തിൽ പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നഷ്ടപരിഹാരം സമയബന്ധിതമായി നൽകും. പദ്ധതിക്കായി 9314 കെട്ടിടങ്ങൾ ഒഴിപ്പിക്കേണ്ടി വരും. സ്ഥലമേറ്റെടുപ്പിന് കേന്ദ്രസർക്കാരിന്റെ അംഗീകാരം കിട്ടിയിട്ടുണ്ട്. പദ്ധതിക്ക് റെയിൽവേയുടെ തത്വത്തിലുള്ള അനുമതിയുമുണ്ട്. വിദേശ വായ്പ ലഭ്യമാക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. പദ്ധതി സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ തകർക്കുമെന്ന വാദം അടിസ്ഥാന രഹിതമാണ്. പശ്ചാത്തല സൗകര്യ വികസനം വരുമാനം വർദ്ധിപ്പിക്കും. ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിലൂടെയാണ് കെ-റെയിൽ പദ്ധതിയുടെ ഭൂരിഭാഗം അലൈൻമെന്റും കടന്നു പോകുന്നത്. ഭൂമിയേറ്റെടുക്കുമ്പോൾ ഹെക്ടറിന് 9 കോടി നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. 115 കിലോ മീറ്റർ പാടങ്ങളിലൂടെ പദ്ധതി കടന്നു പോകന്നുണ്ട് ഇതിൽ 88 കിലോമീറ്ററും എലിവേറ്റഡ് പാതയായിട്ടാവും നിർമ്മിക്കുക. കെ റെയിൽ പദ്ധതിക്ക് പരിസ്ഥിതി ആഘാത പഠനം അനിവാര്യമല്ല. എങ്കിലും സെന്റർ ഫോർ എൻവയർമെറ്റൽ സ്റ്റഡീസ് പാരിസ്ഥിതിക ആഘാതപഠനം നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം നിയമസഭയിൽ വിശദീകരിച്ചു.
പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുള്ള ആശങ്കകൾ പരിഹരിക്കും. പബ്ലിക് ഹിയറിംഗ് നടത്തും. കെ റെയിലിനെക്കുറിച്ച് അനാവശ്യ ആശങ്ക പരത്തുന്ന പ്രചാരണം ഒഴിവാക്കണം. പദ്ധതിയെ അട്ടിമറിക്കാനുള്ള പ്രചാരണം വികസനത്തെ പിന്നോട്ട് നയിക്കും. സെമി ഹൈസ്പീഡ് അതിവേഗ റെയിലിനേക്കാൾ ലാഭകരമാണ്. നിർമാണ ചെലവും യാത്രാ നിരക്കും പകുതി മാത്രം മതിയാവും. ഹൈസ്പീഡ് റെയിൽ ഒരു കിലോമീറ്റർ പണിയണമെങ്കിൽ 280 കോടി രൂപ വേണം എന്നാൽ സെമി ഹൈസ്പീഡ് നിർമ്മാണത്തിന് കിലോമീറ്ററിന് 120 കോടി രൂപ മതി. ഇക്കാര്യം കണക്കിലെടുത്താണ് സെമി ഹൈസ്പീഡ് മതിയെന്ന് തീരുമാനിച്ചതെന്നും അദ്ദേഹം അറിയിച്ചു.
ഭൂമിയുടെ പേരിൽ വികാരപരമായ ഇടപെടലുണ്ടാകും. ആരുടേയും ഭൂമി കവർന്നെടുക്കില്ല. 63,940 കോടി രൂപയാണ് കെ റെയിൽ പദ്ധതിക്ക് പ്രതീക്ഷിക്കുന്ന ചിലവ്. കെ റെയിൽ പദ്ധതിക്ക് റെയിൽവേ തത്വത്തിൽ അനുമതി നൽകിയിട്ടുണ്ട്. അന്തിമ അനുമതിയും വൈകാതെ കിട്ടും. പദ്ധതിയെക്കുറിച്ച് യാതൊരു ആശങ്കയും വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം കെ റെയിൽ കേരളത്തിലാണ്ടാക്കുന്ന പാരിസിത്ഥിക നാശം കൃത്യമായി പഠിക്കാതെയാണ് സർക്കാർ പദ്ധതി നടപ്പാക്കാനൊരുങ്ങന്നതെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിമർശിക്കുന്നത്. ഇരുപതിനായിരത്തോളം കുടുംബങ്ങൾ കെ റെയിൽ പദ്ധതിക്കായി വീടൊഴിയണം. നിലവിലെ പദ്ധതി പ്രകാരം കെറെയിൽ നടപ്പാക്കിയാൽ അടുത്ത പ്രളയത്തിൽ വെള്ളം ഒലിച്ചു പോകാത്ത അവസ്ഥയാവും ഉണ്ടാവുകയെന്നും പദ്ധതിയെ എതിർക്കുന്നവരെ വികസന വിരോധികളായും ദേശവിരുദ്ധരുടെ അനുയായികളായുമാണ് മുഖ്യമന്ത്രി ചിത്രീകരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെ റെയിലിന് ബന്ദൽ സാധ്യത ചർച്ച ചെയ്യാൻ പോലും പറ്റില്ലെന്ന സർക്കാർ നിലപാട് ബാലിശമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെ റെയിൽ പദ്ധതിയിൽ ജനങ്ങൾക്ക് വലിയ ആശങ്കയുണ്ടെന്നും ആ ആശങ്കയാണ് പ്രതിപക്ഷം നിയമസഭയിൽ ഉന്നയിക്കുന്നതെന്നും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ എം.കെ.മുനീർ വ്യക്തമാക്കി. ബംഗാളിലേത് പോലെ ഭൂമിയേറ്റെടുക്കാൻ നടത്തുന്ന സമരം കേരളത്തിൽ സിപിഎമ്മിന് തിരിച്ചടിയാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

