ഇംഫാൽ: മണിപ്പൂരിൽ ജനക്കൂട്ടത്തിനു നേരെ ഭീകരവാദികളുടെ ആക്രമണം. ഒരു കുട്ടി ഉൾപ്പെടെ അഞ്ച് പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കാങ്പോക്പി ജില്ലയിലെ ബി ഗമോമിൽ ചൊവ്വാഴ്ച്ചയാണ് ആക്രമണം ഉണ്ടായത്. അഞ്ച് പേർ കൊല്ലപ്പെട്ടുവെങ്കിലും മൂന്നു മൃതദേഹങ്ങൾ മാത്രമാണ് കണ്ടെടുത്തതെന്ന് ഐ.ജി ലുൻസെയ് കിപ്ഗെൻ അറിയിച്ചു.
കുകി തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം. സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട രണ്ട് തീവ്രവാദികളുടെ സംസ്കാര ചടങ്ങിനിടെയാണ് ആക്രമണം ഉണ്ടായത്. ആക്രമണം ഉണ്ടായതിന് പിന്നാലെ ഗ്രാമീണർ നാടുവിട്ട് അയൽ നാടുകളിൽ അഭയം തേടിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു.
ഭീകരവാദികളെ കണ്ടെത്താനായി സംയുക്ത പോലീസ് സേനയും സ്പെഷ്യൽ കമാൻഡോയും അസം റൈഫിൾസും മേഖലയിൽ തിരച്ചിൽ തുടരുകയാണ്.

