ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി; ആര്യന്റെ ഡ്രൈവറെ എന്‍ബിസി ചോദ്യം ചെയ്തു

മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഉള്‍പ്പെട്ട ആഡംബര കപ്പലിലെ ലഹരി വിരുന്ന് കേസില്‍ ആര്യന്‍ ഖാന്റെ ഡ്രൈവറെ എന്‍ബിസി ചോദ്യം ചെയ്തു.

ശനിയാഴ്ചയാണ് ഡ്രൈവറെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ വിളിച്ചുവരുത്തി. മുംബൈയില്‍ നിന്ന് ഗോവയിലേക്ക് പുറപ്പെട്ട ക്രൂയിസ് കപ്പലിലേക്ക് ആര്യനെയും സുഹൃത്തുക്കളെയും കൊണ്ടുപോയി വിട്ട ഡ്രൈവറുടെ മൊഴി ആണ് എന്‍സിബി രേഖപ്പെടുത്തിയത്.

ആര്യന്‍ ഖാന്റെ എല്ലാ ബന്ധങ്ങളെക്കുറിച്ച് നന്നായി അറിയാവുന്ന ആളെന്ന നിലയിലാണ് എന്‍സിബിയുടെ ചോദ്യംചെയ്യല്‍. ഇടയ്ക്ക് ഇയാള്‍ ഷാരൂഖിന് വേണ്ടിയും വാഹനമോടിക്കാറുണ്ട്.

നേരത്തെ, മയക്കുമരുന്ന് കണ്ടെത്തിയിട്ടില്ലെന്ന വാദത്തെ അടിസ്ഥാനമാക്കിയുള്ള അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ മുംബൈ കോടതി വെള്ളിയാഴ്ച നിരസിച്ചിരുന്നു. മറ്റ് രണ്ട് പ്രതികളായ അര്‍ബാസ് മര്‍ച്ചന്റ്, മുന്‍മുന്‍ ധമേച്ച എന്നിവരുടെ ഹര്‍ജികളും കോടതി തള്ളി. ആര്യന്‍ ഉള്‍പ്പടെ 18 പേരെയാണ് ക്രൂയിസ് കപ്പലില്‍ നടത്തിയ മിന്നല്‍ റെയ്ഡില്‍ അറസ്റ്റ് ചെയ്തത്.