ലഖ്നൗ: ലഖിംപൂർ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനും കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്ര പോലീസിന് മുന്നിൽ ഹാജരായി. ചോദ്യം ചെയ്യലിന് വേണ്ടിയാണ് ആശിഷ് മിശ്ര പോലീസിന് മുന്നിൽ ഹാജരായത്. മാദ്ധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെടാതെ പിൻവശത്തെ ഗേറ്റ് വഴിയാണ് ആശിഷ് മിശ്ര ലഖിംപൂരിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിയത്. കൊലപാതകം, കലാപമുണ്ടാക്കൽ തുടങ്ങി എട്ടു വകുപ്പുകൾ ചുമത്തിയാണ് ആശിഷിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ആശിഷ് മിശ്രയെ ചോദ്യം ചെയ്യുന്നതിനായി ഡിഐജി ഉപേന്ദ്ര അഗർവാൾ അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ് ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയത്. ചോദ്യം ചെയ്യലിന് ശേഷം ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് റിപ്പോർട്ട്. കേസുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആശിഷ് മിശ്രയുടെ സഹായികളായ ആശിഷ് പാണ്ഡെ, ലവ് കുശ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ആശിഷ് മിശ്രയ്ക്ക് പോലീസ് സമൻസ് അയച്ചത്. സുപ്രീം കോടതി വിഷയത്തിൽ ഇടപെട്ടതോടെയാണ് ഉത്തർപ്രദേശ് പോലീസിന്റെ നടപടി. ഒക്ടോബർ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. കർഷകർക്കിടയിലേക്ക് വാഹനം പാഞ്ഞുകയറി 8 പേരാണ് കൊല്ലപ്പെട്ടത്.

