ന്യൂഡൽഹി: എയർ ഇന്ത്യയെ സ്വന്തമാക്കി ടാറ്റ. പതിനെട്ടായിരം കോടി രൂപയ്ക്കാണ് ഇന്ത്യയുടെ ഔദ്യോഗിക വിമാന കമ്പനിയായിരുന്ന എയർ ഇന്ത്യയെ ടാറ്റ സൺസ് സ്വന്തമാക്കിയത്. ടാലാസ് (talace) എന്ന ഉപകമ്പനിയുടെ പേരിലാണ് ടാറ്റ സൺസ് എയർ ഇന്ത്യ സ്വന്തമാക്കിയത്. എയർ ഇന്ത്യയ്ക്ക് പുറമെ ചെലവ് കുറഞ്ഞ സർവീസായ എയർ ഇന്ത്യ എക്സ്പ്രസും ഗ്രൗണ്ട് ഹാൻഡലിങ് വിഭാഗമായ എയർ ഇന്ത്യ സാറ്റ്സിന്റെ അമ്പത് ശതമാനം ഓഹരികളും ഇനി ടാറ്റ സൺസിന് സ്വന്തമായിരിക്കും.
സ്പൈസ് ജെറ്റായിരുന്നു ലേലത്തിൽ ടാറ്റയുടെ പ്രധാന എതിരാളി. 15100 കോടി രൂപയായിരുന്നു സ്‌പൈസ് ജെറ്റ് ക്വോട്ട് ചെയ്ത തുക. എയർ ഇന്ത്യയുടെ ഓഹരികൾ വിറ്റഴിക്കാൻ 2020 ഡിസംബറിലാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചത്. വരുമാന നഷ്ടത്തെ തുടർന്നായിരുന്നു തീരുമാനം.
നാലു കമ്പനികളായിരുന്നു എയർ ഇന്ത്യയുടെ ഓഹരികൾ വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ച് മുന്നോട്ടുവന്നത്. 1932 ൽ ടാറ്റാ ഗ്രൂപ്പാണ് എയർ ഇന്ത്യ സ്ഥാപിച്ചത്. 1953 ൽ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ദേശസാത്ക്കരണ നടപടികളുടെ ഭാഗമായി എയർ ഇന്ത്യയെ പൊതുമേഖലയിലേക്ക് ഏറ്റെടുത്തു. 2018 ൽ എയർ ഇന്ത്യ ആദ്യമായി വിൽക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചപ്പോഴും ടാറ്റാ ഗ്രൂപ്പ് താൽപര്യം പ്രകടിപ്പിച്ചിരുന്നു. 76 ശതമാനം ഓഹരികൾ വിൽക്കാനാണ് അന്ന് കേന്ദ്രം തീരുമാനിച്ചത്. 100 ശതമാനം ഓഹരികൾ വാങ്ങാതെ വിസ്താര എയർ ഇന്ത്യ ലയനം സാധ്യമാക്കാത്തതിനലാണ് അന്ന് ടാറ്റാ ഗ്രൂപ്പ് തീരുമാനത്തിൽ നിന്നും പിന്മാറിയത്.

