സംസ്‌ക്കാര റ്റി വി ചാനല്‍ ചെയര്‍മാനെന്ന് ആള്‍മാറാട്ടം നടത്തി തട്ടിച്ചത് കോടികള്‍; മോന്‍സനെ 3 ദിവസം കസ്റ്റഡിയില്‍ വിട്ടു

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിനെ ആള്‍മാറാട്ടക്കേസില്‍ 3 ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. തിരുനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് വിവിജാ രവീന്ദ്രനാണ് പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്നും ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവിട്ടത്.

സംസ്‌ക്കാര റ്റി വി ചാനല്‍ ചെയര്‍മാനെന്ന് ആള്‍മാറാട്ടം നടത്തി 1.53 കോടി രൂപ വഞ്ചിച്ചെടുത്ത കേസിലാണ് കോടതി ഉത്തരവ്. മോന്‍സനെ കസ്റ്റഡിയില്‍ വച്ച് ചോദ്യം ചെയ്ത് ഇയാള്‍ തട്ടിച്ചെടുത്ത 1.53 കോടി രൂപയും, ഒന്നാം പ്രതിയുമായി ചേര്‍ന്ന് ഇയാള്‍ വ്യാജമായി ‘ടിവി സംസ്‌ക്കാര’യുടെ ചെയര്‍മാന്‍ എന്ന വ്യാജ നെയിംബോര്‍ഡും വ്യാജ ബ്രോഷറും ഉണ്ടാക്കിയത് എവിടെ നിന്നാണെന്നും മറ്റും ചോദ്യം ചെയ്ത് ആ സ്ഥാപനത്തിലെ വ്യാജരേഖ ചമക്കാന്‍ ഉപയോഗിച്ച ഉപകരണങ്ങള്‍ റിക്കവറി ചേയ്യേണ്ടതിനാലും മറ്റുമാണ് മോന്‍സനെ കോടതി കസ്റ്റഡിയില്‍ വിട്ടു നല്‍കിയത്.

ഈ ട്രേഡ് മാര്‍ക്ക് വ്യാജമായി ഉപയോഗിച്ച് പ്രതികള്‍ കൂടുതല്‍ ആള്‍ക്കാരെ തെറ്റിദ്ധരിപ്പിച്ച് കൂടുതല്‍ സാമ്പത്തിക തട്ടിപ്പ് നടത്തി വഞ്ചിച്ചെടുത്ത പണം എന്ത് കാര്യത്തിലേക്ക് ഉപയോഗിച്ചിട്ടുണ്ടെന്നും കണ്ടെത്തേണ്ടതിനാലും തട്ടിപ്പുകളെ കുറിച്ചുള്ള കൂടുതല്‍ തെളിവ് ശേഖരിക്കേണ്ടതിനാലും പ്രതിയെ കസ്റ്റഡില്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഈഞ്ചക്കല്‍ യൂണിറ്റ് ഡിറ്റക്റ്റീവ് ഇന്‍സ്പെക്ടര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

2017 ജനുവരി 1 മുതല്‍ 2020 മാര്‍ച്ച് 24 വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തലസ്ഥാനത്തെ ഉള്ളൂര്‍ സ്വദേശി ബാബു മാധവനെ (55) യാണ് 1,50,72,000 രൂപയുടെ തട്ടിപ്പിനിരയാക്കിയത്. 2020 ലാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. എന്നാല്‍ 2021 സെപ്റ്റംബറില്‍ ക്രൈം ബ്രാഞ്ച് എറണാകുളം യൂണിറ്റ് മോന്‍സനെ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റ് ചെയ്തതോടെയാണ് ഈഞ്ചക്കല്‍ യൂണിറ്റ് കോടതിയില്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചത്.