കെഎഎസ് റാങ്ക് ലിസ്റ്റ് പ്രഖ്യാപിച്ചു; ആദ്യ റാങ്കുകൾ കരസ്ഥമാക്കി വനിതകൾ

തിരുവനന്തപുരം: കെഎഎസ് റാങ്ക് ലിസ്റ്റ് പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പി എസ് സി ചെയർമാൻ അഡ്വ. എം കെ. സക്കീർ ആണ് പ്രഖ്യാപനം നടത്തിയത്. മൂന്നു സ്ട്രീമുകളായാണ് കേരളാ അഡ്മിനിസ്‌ട്രേറ്റീവ് സർവ്വീസ് പരീക്ഷ നടന്നത്. 105 തസ്തികകളിലേക്ക് ആദ്യ നിയമനം നൽകുന്ന റാങ്ക് ലിസ്റ്റിന്റെ കാലാവധി ഒരു വർഷമാണ്.

സിവിൽ സർവീസിന് സമാനമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഭരണ സർവീസാണ് കെ എ എസ്. രണ്ടാം ഗസറ്റഡ് പോസ്റ്റിലേക്കാണ് ആദ്യ നിയമനം. ഐ എ എസിനു സമാനമായി ഒരുമിച്ച് നിയമന ശുപാർശ അയച്ച് പരിശീലനം നൽകുന്നതാണ് രീതി. സർവീസിൽ മികവുതെളിയിച്ചാൽ പത്തുവർഷം കഴിയുമ്പോൾ ഐ എ എസ് ലഭിച്ചേക്കാം. കെഎഎസ് റാങ്ക് ലിസ്റ്റിലെ ആദ്യ റാങ്കുകൾ വനിതകൾക്കാണ് ലഭിച്ചത്.

ആദ്യ റാങ്കുകാരുടെ പട്ടിക:

സ്ട്രീം ഒന്നിൽ ഒന്നാം റാങ്ക് മാലിനി എസ് നേടി. രണ്ടാം റാങ്ക് നന്ദന എസ് പിള്ളയും മൂന്നാം റാങ്ക്- ഗോപിക ഉദയനും നാലാം റാങ്ക് ആതിര എസ് വിയും അഞ്ചാം റാങ്ക് ഗൗതമൻ എമ്മും കരസ്ഥമാക്കി. സ്ട്രീം രണ്ടിൽ അഖില ചാക്കോയാണ് ഒന്നാം റാങ്ക് നേടിയത്. രണ്ടാം റാങ്ക് ജയകൃഷ്ണൻ കെ.ജിയും മൂന്നാം റാങ്ക് പാർവതി ചന്ദ്രൻ എല്ലും നാലാം റാങ്ക് ലിപു എസ് ലോറൻസും അഞ്ചാം റാങ്ക് ജോഷ്വാ ബെനറ്റ് ജോണും നേടി. സ്ട്രീം മൂന്നിൽ ഒന്നാം റാങ്ക് അനൂപ് കുമാർ വിയും രണ്ടാം റാങ്ക് അജീഷ് കെയും മൂന്നാം റാങ്ക് പ്രമോദ് ജി.വിയും സ്വന്തമാക്കി. മൂന്നാം സ്ട്രീമിൽ ചിത്രലേഖ നാലാം റാങ്കും സനോപ് എസ് അഞ്ചാം റാങ്കും കരസ്ഥമാക്കി.