വിനോദസഞ്ചാര മേഖലയിൽ കൂടുതൽ ഇളവുകൾ; പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: രാജ്യത്ത് വിനോദസഞ്ചാര മേഖലയിൽ കൂടുതൽ ഇളവുകൾ നൽകി കേന്ദ്ര സർക്കാർ. വിദേശ വിനോദ സഞ്ചാരികൾക്ക് ഒക്ടോബർ 15 മുതൽ വിസ അനുവദിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ചാർട്ടേഡ് വിമാനങ്ങളിൽ ഇന്ത്യയിലെത്തുന്ന വിനോദസഞ്ചാരികൾക്കാണ് ആദ്യ ഘട്ടത്തിൽ വിസ അനുവദിക്കുക. നവംബർ 15 മുതൽ സാധാരണ വിമാനങ്ങളിൽ എത്തുന്നവർക്കും വിസ അനുവദിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു. അതേസമയം ഇന്ത്യയിലെത്തുന്ന വിനോദസഞ്ചാരികൾ രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി.

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്ന സാഹചര്യം കണക്കിലെടുത്താണ് ടൂറിസം മേഖലയിൽ കൂടുതൽ ഇളവുകൾ അനുവദിക്കാനുള്ള തീരുമാനം കേന്ദ്ര സർക്കാർ സ്വീകരിച്ചത്. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ വർഷം മാർച്ച് മുതലാണ് കേന്ദ്രം വിസ അനുവദിക്കുന്നത് നിർത്തി വെച്ചത്. രാജ്യത്ത് ലോക്ക് ഡൗൺ ഏർപ്പെടുത്തിയതിനെ തുടർന്ന വിമാന സർവീസുകളും നിർത്തി വെച്ചിരുന്നു.