ശബരിമല ചെമ്പോല തിട്ടൂരം സുപ്രീംകോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയിരുന്നെന്ന് ചീരപ്പന്‍ചിറ കുടുംബം

ആലപ്പുഴ: ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട ചെമ്പോല തിട്ടൂരം പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് സുപ്രീംകോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയതായി ചീരപ്പന്‍ചിറ കുടുംബം. ദേവസ്വം ബോര്‍ഡിനെതിരായ കേസ് ജയിക്കുന്നതിന് ആണ് ഇവ കൊണ്ടുപോയത്. എന്നാല്‍ വാമൊഴിയായി കേട്ട ഓര്‍മ്മ മാത്രമാണ് ഇതെന്നും ഇപ്പോഴത്തെ തലമുറ വ്യക്തമാക്കുന്നു.

ആലപ്പുഴ മുഹമ്മയിലാണ് ചീരപ്പന്‍ചിറ തറവാട്. അയ്യപ്പന്‍ കൗമാരകാലത്ത് കളരി അഭ്യസിച്ചത് ഇവിടെയാണ് എന്നാണ് പറയപ്പെടുന്നത്. മാളികപ്പുറത്തമ്മയുടെ കുടുംബമാണ് ചീരപ്പന്‍ചിറ. അയ്യപ്പന്‍ കളരി അഭ്യസിച്ച വാളും ഉടയാടയും എല്ലാം നാലുകെട്ടിനുള്ളിലെ കെടാവിളിക്കിന് മുന്നില്‍ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. ഇതോടൊപ്പം ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട ചെമ്പോലയും ഉണ്ടായിരുന്നു.

വെടിവഴിപാട് അവകാശം തിരികെ കിട്ടാന്‍ വേണ്ടി ദേവസ്വം ബോര്‍ഡിനെതിരെ ചീരപ്പന്‍ചിറക്കാര്‍ കേസ് നടത്തിയിരുന്നു. മാവേലിക്കര കോടതിയില്‍ തുടങ്ങി സുപ്രീംകോടതി വരെ നീണ്ട നിയമപോരാട്ടമായിരുന്നു അത്.

അന്ന് രേഖകള്‍ കോടതിയില്‍ സമര്‍പ്പിക്കാന്‍ കൊണ്ടുപോയതായി ഇപ്പോഴത്തെ തലമുറ ഓര്‍ക്കുന്നു. ചെമ്പോലയുമായി ബന്ധപ്പെട്ട പുതിയ വിവാദങ്ങളില്‍ കൂടുതലൊന്നും ചീരപ്പന്‍ചിറക്കാര്‍ക്ക് അറിയില്ല. രേഖകള്‍ ചോദിച്ച് ആരും വന്നിട്ടുമില്ലെന്ന് ഇവര്‍ വ്യക്തമാക്കുന്നു.