കൊച്ചി: ഓർത്തഡോക്‌സ് – യാക്കോബായ സഭാതർക്കത്തിൽ സുപ്രീം കോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി. ആരാധനാലയങ്ങൾ യുദ്ധക്കളമല്ലെന്നും ദൈവത്തിന്റെ ആലയമാണെന്നും ഇരുപക്ഷവും ഓർക്കണമെന്ന് കോടതി വ്യക്തമാക്കി. ബലപ്രയോഗത്തിലൂടെ വിധി നടപ്പാക്കിയാൽ അനിഷ്ട സംഭവങ്ങളുണ്ടാകാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സമാധാനം നിലനിർത്തുകയെന്നതിനാകണം പ്രഥമ പരിഗണനയെന്നും കോടതി പറഞ്ഞു.
1934 ലെ ഭരണഘടന പ്രകാരം തന്നെ പള്ളികൾ ഭരിക്കപ്പെടണം. 2017 ലെ സുപ്രീം കോടതി വിധിയോടെ സഭയിൽ രണ്ട് പക്ഷങ്ങൾ ഇല്ലാതായി. ഭരണഘടന അനുസരിക്കുന്ന ഏത് വിശ്വാസിക്കും പള്ളി ഭരണത്തിൽ പങ്കാളിയാകാമെന്നും കോടതി വിശദമാക്കി. പോലീസിനെ ഉപയോഗിച്ച് കോടതി വിധി നടപ്പാക്കുന്നത് അവസാന മാർഗം മാത്രമായിരിക്കണമെന്നും ഹൈക്കോടതി നിർദ്ദേശം നൽകി. അതേസമയം നിർദേശങ്ങൾ ചർച്ച ചെയ്ത് മറുപടി നൽകാൻ സമയം വേണമെന്നാണ് യാക്കോബായ വിഭാഗം ആവശ്യപ്പെടുന്നത്.

