വാട്ടര്‍ അതോറിറ്റിയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ചരിത്രത്തിലാദ്യമായി പെന്‍ഷന്‍ മുടങ്ങി, 1900 കോടിയുടെ ബാധ്യത

തിരുവനന്തപുരം: കേരള വാട്ടര്‍ അതോറിറ്റിയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്ന് റിപ്പോര്‍ട്ട്. 1900 കോടിയുടെ ബാധ്യത അതോറിറ്റിക്കുണ്ടെന്നാണ് ഏറ്റവുമൊടുവിലെ കണക്കുക്കള്‍ വ്യക്തമാക്കുന്നത്.

ചരിത്രത്തിലാദ്യമായി വാട്ടര്‍ അതോറിറ്റിയില്‍ ഇക്കുറി പെന്‍ഷന്‍ മുടങ്ങി. സര്‍ക്കാരില്‍ നിന്നുള്ള ഗ്രാന്റ് ലഭിച്ചാല്‍ പെന്‍ഷന്‍ വിതരണം ചെയ്യാമെന്നാണ് വാട്ടര്‍ അതോറിറ്റിയുടെ പ്രതീക്ഷ.

ആറായിരത്തി അഞ്ഞൂറോളം ജീവനക്കാരും ഒന്‍പതിനായിരത്തോളം പെന്‍ഷന്‍കാരുമാണ് കേരള വാട്ടര്‍ അതോറിറ്റിയിലുള്ളത്. പെന്‍ഷന്‍ നല്‍കാന്‍ പ്രതിമാസം 24 കോടിയും ശമ്പളത്തിനായി 34 കോടിയും വേണം. സര്‍ക്കാരില്‍ നിന്ന് പ്രതിവര്‍ഷം ലഭിക്കുന്ന 320 കോടിയുടെ ഗ്രാന്റും വെള്ളക്കരവുമാണ് ഇതിനായി ഉപയോഗിക്കുന്നത്. സര്‍ക്കാര്‍ സഹായത്തിലെ ഇടിവും വെള്ളക്കര കുടിശ്ശികയും സാമ്പത്തിക പ്രതിസന്ധിക്ക് ആക്കം കൂട്ടി. വിരമിക്കുന്ന ജിവനക്കാര്‍ക്ക്കഴിഞ്ഞ 16 മാസമായി ഗ്രാറ്റുവിറ്റി മുടങ്ങി. പെന്‍ഷന്‍ കമ്മ്യൂട്ടേഷനും നല്‍കാന്‍ കഴിയുന്നില്ല.

മാത്രമല്ല, വൈദ്യുതി ചാര്‍ജ്ജ് ഇനത്തില്‍ കെഎസ്ഇബിക്ക് 778 കോടി കുടിശ്ശികയാണ് നല്‍കാനുള്ളത്. ഏറ്റവുമൊടുവിലെ കണക്കനുസരിച്ച് 1901.27 കോടിയുടെ ബാധ്യതയുണ്ട് വാട്ടര്‍ അതോറിറ്റിക്ക്.