തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിഷേധം ശക്തമാക്കാനൊരുങ്ങി സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ. അനിശ്ചിതകാല നിസഹകരണ സമരത്തിന് മാറ്റമില്ലെന്ന് കെജിഎംഒഎ വ്യക്തമാക്കി. പരിശീലനങ്ങളും ഓൺലൈൻ യോഗങ്ങളും ഇ-സഞ്ജീവനയും നാളെ മുതൽ ബഹിഷ്കരിക്കാനാണ് കെജിഎംഒഎയുടെ തീരുമാനം. ഈ മാസം 15 മുതൽ നിസഹകരണം കടുപ്പിക്കുമെന്നും കെഎംജിഎംഒഎ അറിയിച്ചു.
അവലോകന യോഗങ്ങൾ, വിഐപി ഡ്യൂട്ടി തുടങ്ങിയവ ഈ മാസം 15 മുതൽ ബഹിഷ്കരിക്കും. ഡോക്ടേഴ്സിനെ മെഡിക്കൽ ബന്ദ് നടത്താൻ നിർബന്ധിതരാക്കരുതെന്നറിയിച്ച് ഡോക്ടേഴ്സ് നടത്തിയ സമരത്തിന് ഐഎംഎ പിന്തുണ അറിയിച്ചു. ശമ്പള പരിഷ്കരണത്തിൽ ആനുപാതിക വർദ്ധനവിന് പകരം ലഭിക്കേണ്ട ശമ്പളം പോലും വെട്ടിക്കുറച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഡോക്ടർമാർ സമരത്തിനൊരുങ്ങുന്നത്. എൻട്രി കേഡറിലെ അടിസ്ഥാന ശമ്പളം വെട്ടിക്കുറച്ചു, പേഴ്സണൽ പേ നിർത്തലാക്കി, റേഷ്യോ പ്രമോഷൻ റദ്ദാക്കി, കരിയർ അഡ്വാൻസ്മെന്റ് സ്കിം ഉത്തരവായിട്ടില്ല, റിസ്ക് അലവൻസ് ഇല്ല തുടങ്ങിയ പോരായ്മകളും ശമ്പള പരിഷ്ക്കരണത്തിൽ ഡോക്ടർമാർ ആരോപിക്കുന്നുണ്ട്.
കോവിഡ് പ്രതിരോധത്തിന്റെ നട്ടെല്ലായ ഡോക്ടർഡമാർക്ക് രാജ്യത്തെ മറ്റ് പല സംസ്ഥാനങ്ങളും ആനുകൂല്യങ്ങൾ നൽകിയപ്പോൾ, കേരളത്തിൽ നേരിട്ടത് കടുത്ത അവഗണനയെന്നാണ് കെഎംജിഎംഒഎ ആരോപിക്കുന്നത്.

