കൊച്ചി: മലപ്പുറം എ ആര്‍ നഗര്‍ ബാങ്ക് ക്രമക്കേടില്‍ തനിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച മുന്‍ മന്ത്രി കെ ടി ജലീലിന് മറുപടിയുമായി പി കെ കുഞ്ഞാലിക്കുട്ടി. ചില ആരോപണങ്ങള്‍ ഉന്നയിക്കുന്ന ആളുകളെ തുടര്‍ച്ചയായി അവഗണിച്ചേ മതിയാകൂ എന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ജലീലിന്റെ ആരോപണങ്ങള്‍ അവഗണിക്കുകയാണ്. തുടര്‍ച്ചയായ ആരോപണങ്ങളില്‍ ചിലത് തുടര്‍ച്ചയായി അഗണിച്ചേ മതിയാകൂ. കൂടുതലൊന്നും പറയാനില്ലെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ അബ്ദുള്‍ ഖാദര്‍ മൗലവിയുടെ മരണത്തെ എആര്‍ നഗര്‍ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെടുത്തിക്കൊണ്ടായിരുന്നു ജലീല്‍ ആരോപണം ഉന്നയിച്ചത്. എആര്‍ നഗര്‍ ബാങ്കില്‍ പികെ കുഞ്ഞാലിക്കുട്ടിയും സംഘവും നടത്തിയ വലിയ കള്ളപ്പണ നിക്ഷേപത്തിന്റെ ആദ്യ രക്തസാക്ഷിയാണ് അബ്ദുള്‍ ഖാദര്‍ മൗലവി എന്നായിരുന്നു ജലീലിന്റെ ആരോപണം.
തന്റെ പേരില്‍ രണ്ട് കോടിയുടെ നിക്ഷേപമുണ്ടെന്നറിഞ്ഞ മൗലവി തളര്‍ന്നെന്നും, രണ്ട് കോടിയുടെ നിക്ഷേപവും ക്രയവിക്രയവും മൗലവിയുടെ സമ്മതത്തോടെയാണ് നടന്നതെന്ന് കരുതുന്നില്ലെന്നും ജലീല്‍ ആരോപിച്ചിരുന്നു.

