തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പാര്‍ട്ടിയുമായി ബന്ധപ്പെട്ടു വഹിച്ചിരുന്ന വിവിധ സ്ഥാനങ്ങളില്‍ നിന്നു രാജിവെച്ചു. ജയ്ഹിന്ദ്, വീക്ഷണം, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയിലെ പദവികളില്‍നിന്നാണ് രാജിവെച്ചത്. കെ. കരുണാകരന് ഫൗണ്ടേഷനില്‍നിന്നും രാജിവച്ചു.
ജയ് ഹിന്ദ് പ്രസിഡന്റ്, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്മാന്, കെ കരുണാകരന് ഫൗണ്ടേഷന് ചെയര്മാന് എന്നീ സ്ഥാനങ്ങളാണ് വഹിച്ചിരുന്നത്. ജയ്ഹിന്ദ്, വീക്ഷണം, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ മൂന്നുസ്ഥാപനങ്ങളിലുമായി 35 കോടി രൂപയുടെ ബാധ്യതയുണ്ട്. രാജി സ്വീകരിക്കുന്ന കാര്യത്തില്‍ തീരുമാനം സ്ഥാപനങ്ങളിലെ ഓഡിറ്റിന് ശേഷമായിരിക്കും.
കഴിഞ്ഞ മെയ് 24 നാണ് ചെന്നിത്തല രാജി നല്‍കിയത്. കെപിസിസി അധ്യക്ഷനാണ് ഈ സ്ഥാനങ്ങള്‍ വഹിക്കേണ്ടതെന്ന് ചെന്നിത്തല പ്രതികരിച്ചു. മുല്ലപ്പള്ളി രാമചന്ദ്രന് ഏറ്റെടുക്കാത്തതിനാലാണ് സ്ഥാനങ്ങളില്‍ തുടര്‍ന്നത്. പുതിയ അധ്യക്ഷനെത്തിയപ്പോള്‍ രാജി നല്‍കിയെന്നുമാണ് ചെന്നിത്തലയുടെ വിശദീകരണം. പാര്‍ട്ടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളല്ല രാജിക്കു പിന്നിലെന്നാണ് ചെന്നിത്തല വിശദീകരിക്കുന്നത്.
ചെന്നിത്തലയുടെ രാജി സ്വീകരിക്കേണ്ടതില്ലെന്നാണ് ഇപ്പോള്‍ കെപിസിസി നേതൃത്വത്തിന്റെ തിരുമാനം. ഈ സ്ഥാപനങ്ങളില്‍ കോടികളുടെ ബാധ്യത ഉണ്ടെന്നും ഓഡിറ്റ് കഴിഞ്ഞതിന് ശേഷം മാത്രം രാജി അംഗീകരിച്ചാല്‍ മതിയെന്നുമാണ് കെപിസി നിര്‍ദ്ദേശം. എങ്ങനെയാണ് ഇത്രയും ബാധ്യതകള്‍ വന്നിരിക്കുന്നതെന്നും ചാനലിന്റേയും പത്രത്തിന്റേയുമെല്ലാം പ്രവര്‍ത്തനങ്ങള്‍ ഏത് തരത്തിലാണ് നടക്കുന്നത് തുടങ്ങിയ കാര്യങ്ങളെല്ലാം സ്പെഷ്യല്‍ ഓഡിറ്ററെ വെച്ച് പരിശോധിക്കും.
എന്നാല്‍, ഒരു സ്ഥാപനത്തിന്റെ ചുമതല വഹിച്ചിരുന്നയാള്‍ ആ സ്ഥാപനത്തിന് വന്നിരിക്കുന്ന ബാധ്യത സംബന്ധിച്ചുള്ള വിശദീകരണം നല്കാന് ബാധ്യസ്ഥനാണെന്നാണ് പാര്‍ട്ടി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ നിലപാട്.

